നിലമ്പൂർ: കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ കീഴിലുള്ള ക്രീം കാസ്‌കേഡ് ആഢ്യൻപാറ ഹൈഡൽ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. രാജ്യത്ത് ആദ്യമായാണ് ഒരു വൈദ്യുതപദ്ധതിയുടെ പ്രധാനകേന്ദ്രങ്ങൾ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. കുട്ടികൾക്കായുള്ള പാർക്ക്, മൾട്ടി പ്ലേ സ്റ്റേഷൻ, ഊഞ്ഞാൽ, സീസോ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വൈദ്യുതി ഉത്‌പാദനത്തിന്റെ വിവിധതലങ്ങൾ നേരിട്ട് കാണാനുള്ള അവസരം വിനോദ സഞ്ചാരികൾക്കായി അടുത്ത ഘട്ടത്തിൽ ഒരുക്കുന്നതാണ്. ആഢ്യൻപാറ മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴയുടെ മുകൾഭാഗം, വിയർ, പദ്ധതിപ്രദേശം മൊത്തത്തിൽ വീക്ഷിക്കുവാൻ സാധിക്കവണ്ണം ക്രമീകരിച്ച വാച്ച് ടവർ, വൈദ്യുതി ഉത്പാദന പ്രക്രിയ നേരിട്ട് കാണാവുന്ന തരത്തിലുള്ള ഗ്ലാസ് മറയുള്ള പ്ലാറ്റ്‌ഫോം, പെൻസ്‌റ്റോക് പൈപ്പ് തുടങ്ങുന്ന ഭൂഗർഭ ജല സംഭരണിക്കു സമീപമുള്ള വാൽവ് ഹൗസ് എന്നിവ തൊട്ടടുത്ത ഘട്ടത്തിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ജലവൈദ്യുതി ഉദ്പാദനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സഞ്ചാരികൾക്ക് നേരിട്ട് കാണാം.
നിലവിൽ പ്രവേശനത്തുകയായി 10 രൂപയാണ് സഞ്ചാരികളിൽ നിന്ന് ഈടാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവേശനസമയം രാവിലെ ഒൻപതുമണി മുതൽ വൈകീട്ട് ആഞ്ചുമണി വരെയാണെന്ന് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആഢ്യൻപാറ ഹൈഡൽ ടൂറിസം സെന്റർ ഇൻ ചാർജ്ജ് കെ.എൻ. അജിത്ത് അറിയിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !