എടപ്പാള്‍: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ഥിനിയില്‍നിന്ന് 10 ലക്ഷംരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ മൈസൂരില്‍നിന്ന് പൊലീസ് പിടികൂടി. വയനാട് വൈത്തിരി പുതുശേരി സ്വദേശി കേളോത്ത് മുഹമ്മദ് അനീഷി (22)നെയാണ് ചങ്ങരംകുളം എസ്‌ഐ ടി ഡി മനോജ് കുമാറും സംഘവും പിടികൂടിയത്.
വിദ്യാര്‍ഥിനിയായ 17കാരിയുടെ കുടുംബത്തിന്റെ പരാതിയിലാണ് യുവാവ് പിടിയിലായത്. സൃഹൃത്തില്‍നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായി. ഒരുവര്‍ഷമായി തുടരുന്ന ബന്ധത്തിനിടെ പെണ്‍കുട്ടിയില്‍നിന്ന് ഒന്നരപ്പവന്‍ സ്വര്‍ണം യുവാവ് കൈക്കലാക്കി. യുവാവിന്റെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്‍മാറി.
വീട്ടുകാര്‍ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ യുവാവ് പെണ്‍കുട്ടിയ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തി. വീഡിയോ ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടും ഫോട്ടോയും വിവാഹമുറപ്പിച്ചയാള്‍ക്ക് മുഹമ്മദ് അനീഷ് അയച്ചുകൊടുത്തു.
വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും പത്തുലക്ഷം രൂപ തന്നാല്‍ പിൻവാങ്ങാമെന്നും കുടുംബത്തോട് വിലപേശി. ഒടുവില്‍ 60,000 രൂപ വീട്ടുകാര്‍ യുവാവിന് നല്‍കി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഇനിയും 30,000 രൂപകൂടി വേണമെന്ന് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. സി ഐ ബഷീര്‍ ചിറക്കല്‍, എസ്‌ഐ ടി ഡി മനോജ് കുമാര്‍ എന്നിവരുടെ അന്വേഷണത്തില്‍ യുവാവ് മൈസൂരിലുണ്ടെന്ന വിവരം ലഭിച്ചു.
പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് യുവാവ് ആവശ്യപ്പെട്ട പണവുമായി പെണ്‍കുട്ടിയുടെ കുടുംബം മൈസൂരിലെത്തി. പണം കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് മൈസൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് യുവാവിനെ പിടികൂടി. മൈസൂരില്‍ സൃഹൃത്തുക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു മുഹമ്മദ് അനീഷ്. ഇയാളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.


