തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി കലിക്കറ്റ് സർവകലാശാല. വനിതാ വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും കിരീടംചൂടിയ കലിക്കറ്റിന് പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ബീച്ച് വടംവലി മത്സരത്തിൽ വനിതാ വിഭാഗം ചാമ്പ്യൻപട്ടവും കലിക്കറ്റിനാണ്. ഇന്ത്യൻ സർവകലാശാലകളുടെ വടംവലി ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല മൂന്ന് കിരീടവും ഒരുമിച്ച് സ്വന്തമാക്കുന്നത്. അത്‌ലറ്റിക്‌സിലും മൂന്ന് കിരീടവും കൈപ്പിടിയിലൊതുക്കിയ ചരിത്രം കലിക്കറ്റിനുണ്ട്. പുരുഷവിഭാഗത്തിൽ കലിക്കറ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡൽഹി സർവകലാശാലയാണ് കിരീടം നേടിയത്. വിജയം നേടിയെത്തുന്ന ടീമിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തീരുമാനത്തിലാണ് കലിക്കറ്റ്. അഭിമാന വിജയം നേടിയ താരങ്ങളെ കലിക്കറ്റ് സർവകലാശാലാ സമൂഹത്തിനുവേണ്ടി അഭിനന്ദിക്കുന്നതായി സിൻഡിക്കറ്റിന്റെ കായിക ഉപസമിതി കൺവീനർ അഡ്വ. ടോം കെ തോമസ് പറഞ്ഞു. ഡിഫിൻ ഡേവിസ്, ഡെലിൻ തമ്പി, വി വി ബാബു എന്നിവരാണ് പരിശീലകർ. പി എ ശ്രീജിത്ത്, ഡൽസി പൗലോസ് എന്നിവരാണ് ടീം മാനേജർമാർ.


