തിരൂർ തുഞ്ചൻ പറമ്പിൽ ഹരിശ്രീ കുറിച്ചത് ആയിരങ്ങൾ. എഴുത്തിനിരുത്തൽ ചടങ്ങിനു പുറമേ സാഹിത്യ ലോകത്തേക്കു ചുവടുവയ്ക്കുന്ന പുതുതലമുറയിലെ കവികളും എഴുത്തുകാരും കലാകാരന്മാരും തുഞ്ചൻപറമ്പിൽ വിദ്യാരംഭം കുറിച്ചു. ഇന്നലെ 3,431 കുരുന്നുകളാണ് തുഞ്ചൻ പറമ്പിൽ ഹരിശ്രീ കുറിച്ചത്. 100 ൽ അധികം കവികളും എഴുത്തുകാരും തുഞ്ചൻപറമ്പിൽ സാഹിത്യ വിദ്യാരംഭം കുറിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റ് അധ്യക്ഷൻ എം.ടി.വാസുദേവൻ നായരുടെ സാന്നിധ്യത്തിലായിരുന്നു തുഞ്ചൻ പറമ്പിലെ വിദ്യാരംഭച്ചടങ്ങുകൾ.
സരസ്വതീ മണ്ഡപത്തിൽ പ്രശസ്ത സാഹിത്യകാരന്മാരും കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും കുരുന്നുനാവുകളിൽ ആദ്യാക്ഷരം കുറിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, സാഹിത്യകാരന്മാരായ കെ.പി.രാമനുണ്ണി, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, ജി.കെ.രാംമോഹൻ, ടി.കെ.ശങ്കരനാരായണൻ, കെ.എസ്.വെങ്കിടാചലം, ഡോ.ആനന്ദ് കാവാലം, കടാങ്കോട് പ്രഭാകരൻ, രജനി സുബോധ്, പി.ആർ.ഉഷ, പ്രഫ. എൻ.പി.ഹാഫിസ് മുഹമ്മദ്, പി.ആർ.നാഥൻ, രഘുറാം, പത്‌മദാസ്, സി.രാജേന്ദ്രൻ, പൂനൂർ കെ.കരുണാകരൻ, കെ.ജി.രഘുനാഥ്, രാധാമണി അയങ്കലത്ത്, പി.കെ.രാധാമണി, ദിവാകരൻ മാവിലായി, കാനേഷ് പൂനൂർ, കെ.എക്സ്.ആന്റോ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.


