പൊന്നാനി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവരുകയും രണ്ടുപേരുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ടുപേരിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി പൂക്കാട്ടിരി മൂച്ചിക്കൽ ആലുങ്ങൽ ഷംസു (മോനു-19)നെയാണ് തിരൂർ ഡിവൈ.എസ്.പി. പി.എ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
വളാഞ്ചേരി അത്തിപ്പറ്റ മൂച്ചിങ്ങലിൽവെച്ച് ഞായറാഴ്ച നാലുമണിയോടെയാണ് സംഘത്തിലുണ്ടായിരുന്ന ബൈക്കോടിച്ച ഷംസുവിനെ പിടികൂടിയത്. മറ്റൊരാളുടെ ബൈക്കുപയോഗിച്ചാണ് ഇരുവരുംചേർന്ന് മോഷണത്തിനിറങ്ങിയത്.
വ്യാഴാഴ്ച എടപ്പാൾ തട്ടാൻപടിയിലെ വസന്തകുമാരിയുടെ നാലുപവന്റെ മാലയാണ് പ്രതിയും കൂട്ടാളിയുംചേർന്ന് കവർന്നത്. അന്നുതന്നെ മാണൂരിൽ വെച്ച് മുഞ്ഞത്ത് ശോഭനയേയും തണ്ടലത്ത് മറ്റൊരു വീട്ടമ്മയേയും ആക്രമിച്ച് മാല കവരാൻ ശ്രമിച്ചിരുന്നു. മോഷ്ടാക്കളുമായി പത്തു മിനിറ്റോളം ചെറുത്തുനിൽപ്പുനടത്തിയാണ് ശോഭന മൂന്നു കഷണമായി സ്വന്തം മാല തിരിച്ചു പിടിച്ചത്.
സി.സി.ടി.വിയിൽ പതിഞ്ഞ പ്രതികളുടെ ചിത്രംസഹിതം മാധ്യമങ്ങളിൽ വാർത്തകൾ വരികയും പ്രതികളെകുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. പ്രതികളെ പിടികൂടാനായി തിരൂർ ഡിവൈ.എസ്.പി. പ്രത്യേക അന്വേഷണസംഘവും രൂപവത്കരിച്ചിരുന്നു.
കൂട്ടുപ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15-ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്ത് സ്വർണം വീണ്ടെടുക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്ന് സി.ഐ. സണ്ണി ചാക്കോ പറഞ്ഞു.


