കുറ്റിപ്പുറം: റെയിൽവേ മേൽപാലത്തിൽ തുടർച്ചയായി വാഹനങ്ങൾ മറിയുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഇന്നലെ നടന്ന ബസ് അപകടത്തിനു മുൻപ് ഒട്ടേറെ അപകടങ്ങളാണ് ഈ പാലത്തിലുണ്ടായത്. വർഷങ്ങൾക്ക് മുൻപുണ്ടായ ലോറി അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചിരുന്നു.
അപകടത്തിനിടയാക്കിയ ലോറി പാലത്തിന്റെ കൈവരികൾ തകർത്ത് പുറത്തേക്ക് വീഴാറായ നിലയിലായിരുന്നു. ഇതിനുശേഷം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പാലത്തിനു മുകളിൽനിന്ന് താഴേക്ക് മറിഞ്ഞു. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണംവിട്ട് കൈവരികൾ തകർത്താണ് താഴെ തിരൂർ റോഡിലേക്ക് വീണത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ തിരുനാവായ വഴി കടത്തിവിട്ടു. 11 മണിയോടെ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് എടുത്തുമാറ്റിയത്. ഇതിനുശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂർവ സ്ഥിതിയിലായത്. വിവിധ ഭാഗങ്ങളിൽനിന്നുള്ള അഗ്നിശമന സേനയും പൊലീസും ചേർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.
കുഴികൾ ഇന്ന് അടയ്ക്കും
ദേശീയപാതയിലെ പാലങ്ങളിലെ അപകടക്കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഓഫിസ് ഉപരോധിച്ചു. അസി. എൻജിനീയറെ ഉപരോധിച്ച പ്രവർത്തകർ അപകടത്തിനിടയാക്കിയ കുഴി മൂടണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പാലത്തിലെ കുഴികൾ ടാർ ചെയ്ത് അടയ്ക്കുമെന്ന് അസി. എൻജിനീയർ ഉറപ്പുനൽകി.
അപകടക്കെണി ഒരുക്കിയത് പാലത്തിലെ കുഴി
കുറ്റിപ്പുറം ∙ റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികളിലൊന്നാണ് ഇന്നലെയുണ്ടായ ബസ് അപകടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടുങ്ങിയ പാലത്തിലെ കുഴികൾ തുടർച്ചയായി അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതിയുണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
പാലത്തിന്റെ കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിഞ്ഞുണ്ടായ വലിയ കുഴിയിൽ ചാടിയ സ്വകാര്യ ബസാണ് ഇന്നലെ നിയന്ത്രണംവിട്ടു മറിഞ്ഞത്. സാധാരണ ഇതുവഴി പോകുമ്പോൾ കുഴിയിൽ ചാടാതെ വെട്ടിച്ചുമാറ്റുകയാണ് ചെയ്യാറെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഇന്നലെ എതിർവശത്തുനിന്നു വന്ന ബൈക്കുകാരനെ രക്ഷിക്കാൻ ബസ് കുഴിയിൽ ചാടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. ഇതോടെയാണ് ബസ് നിയന്ത്രണംവിട്ടത്.
ഇടതുവശത്തേക്ക് ചെരിഞ്ഞുമറിഞ്ഞ ബസിന്റെ ലീഫ് സെറ്റ് പൊട്ടിയതായി പിന്നീട് പരിശോധനയിൽ കണ്ടെത്തി. ഒരുമാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം മോട്ടർ വാഹന വകുപ്പിന്റെ ടെസ്റ്റ് പൂർത്തിയാക്കി ഇന്നലെയാണ് ബസ് സർവീസ് പുനഃരാരംഭിച്ചത്. കുറ്റിപ്പുറത്തേക്കുള്ള ആദ്യ യാത്രയിലാണ് അപകടമുണ്ടായതും. റെയിൽവേ മേൽപാലത്തിനു പുറമേ ഭാരതപ്പുഴ പാലത്തിലും ഒട്ടേറെ കുഴികളുണ്ട്.


