പാചകവാതകവുമായി വന്ന ടാങ്കർലോറി വട്ടപ്പാറയിലെ മുടിപ്പിൻവളവിൽ മറിഞ്ഞു.
ടാങ്കർ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മാരിയപ്പൻ(40) നിസ്സാരപരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സ തേടി.
മംഗലാപുരത്തുനിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോകുന്ന ടാങ്കറാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് അപകടം. വാതകച്ചോർച്ചയില്ലെന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരുടെ അറിയിപ്പ് നാട്ടുകാരുടെ ആശങ്കയകറ്റി. വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ടി.മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസും അഗ്നിരക്ഷാസേന, ഹൈവേ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വാതകച്ചോർച്ചയില്ലാത്തതിനാൽ വട്ടപ്പാറവഴി വാഹനഗതാഗതത്തിന് കാര്യമായ നിയന്ത്രണമുണ്ടായില്ല. മറിഞ്ഞ ടാങ്കർ ഉയർത്തുന്നതിന് രാവിലെ പത്തരയോടെ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയത്ത് പുത്തനത്താണി, താണിയപ്പൻകുന്ന് വഴി ഗതാഗതം തിരിച്ചുവിട്ടു. ടാങ്കർ ഉയർത്തി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ലോറിയിൽ ഒരു ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. രണ്ട് ഡ്രൈവർമാർ ഉണ്ടാവണമെന്നാണ് ചട്ടം. ഒക്‌ടോബർ രണ്ടിന് വട്ടപ്പാറയിൽ മറിഞ്ഞ ടാങ്കറിലും ഒരാൾ മാത്രമേ ഡ്രൈവറായി ഉണ്ടായിരുന്നുള്ളൂ. പുലർച്ചെയാണ് ഇവിടെ അപകടങ്ങളുണ്ടാവുന്നത്. വിശ്രമമില്ലാതെ ദീർഘദൂരം ഒരാൾമാത്രം ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് ഡ്രൈവർമാരും പറയുന്നു
മൂന്നാഴ്ചക്കിടെ നാലാമത്തെ അപകടം
വളാഞ്ചേരി: വട്ടപ്പാറയിൽ വാഹനാപകടങ്ങൾ വർധിക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ നാല് അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇതിൽ രണ്ടപകടങ്ങളുണ്ടാക്കിയത് പാചകവാതകവുമായി വന്ന ടാങ്കറുകളാണ്. ബാക്കി രണ്ടെണ്ണം കൂറ്റൻ കണ്ടെയ്‌നർ ലോറികളും. നിയന്ത്രണംവിട്ട് മറിഞ്ഞാണ് എല്ലാ അപകടങ്ങളുമുണ്ടാകുന്നത്. സെപ്റ്റംബർ 22-നായിരുന്നു ഈ പരമ്പരയിലെ ആദ്യഅപകടം. ഒക്ടോബർ രണ്ടിനായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത് ഒമ്പതിനും. ടാങ്കറുകൾ മറിഞ്ഞുണ്ടായ രണ്ടപകടങ്ങളിലും വാതകച്ചോർച്ചയുണ്ടായില്ല എന്നതാണ് ആശ്വാസം.
വാതകച്ചോർച്ചയുണ്ടായാൽ വട്ടപ്പാറ നിവാസികൾക്ക് വീടൊഴിയുകയല്ലാതെ വേറെ നിവൃത്തിയില്ല. വീട്ടിലെ ലൈറ്റുകളിടാനോ അടുപ്പ് കത്തിക്കാനോ ഇവർക്ക് സ്വാതന്ത്ര്യമില്ല. ഒരു തീപ്പൊരിപോലും ഉണ്ടാവരുതെന്നാണ് ഇവർക്കുള്ള കർശന നിർദേശം.



