തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിനു സമീപം കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള ആണ്കുഞ്ഞിനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിലും മാതാവിനെ കുളിമുറിയിൽ കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് നിഗമനം.
മാതാവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തോട്ടത്തിൽ ചാട്ടുപാറയ്ക്കൽ വീട്ടിൽ അലവിക്കുട്ടിയുടെ മകളും മൊറയൂർ സ്വദേശി പനച്ചീരി ലുഖ്മാന്റെ ഭാര്യയുമായ അനീസയ്ക്കെതിരേയാണ് (32) കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അനീസ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ദന്പതികളുടെ മൂന്നാമത്തെ മകനായ അനസ് ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. അനീസയുടെ വീട്ടിൽ വച്ച് ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അനീസയുടെ പിതാവ് അലവിക്കുട്ടി, സഹോദരൻ നൗഷാദ് എന്നിവർ അറിയിച്ചതനുസരിച്ച് അയൽവാസികളാണ് തേഞ്ഞിപ്പലം പോലീസിൽ വിവരം നൽകിയത്.
വീടിനകത്തുള്ള ബാത്ത് റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന അനീസയെ ഉടൻ ചേളാരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് മാതാവും കുഞ്ഞും ഉറങ്ങാൻ മുറിയിലേക്ക് പോയത്. 15 വർഷമായി അനീസ-ലുഖ്മാൻ ദന്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ അനീസ കോഹിനൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ മൊറയൂരിലേക്ക് 15 ദിവസം മുന്പാണ് പോയത്.
എന്നാൽ മൂന്ന് ദിവസം മുന്പ് വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസും പരിശോധന നടത്തി. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹിബാൻ, ബിൻഹാ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരങ്ങളാണ്.


