തിരൂര്‍: മാര്‍ക്കറ്റ് ഭാഗത്തെ റെയിൽവേ നടപ്പാലത്തിെൻറ പടികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് യാത്ര നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. പാലം നവീകരിച്ചപ്പോള്‍ ഇരുഭാഗത്തുമുള്ള നടകള്‍ പുതുക്കി നിർമിച്ചിരുന്നില്ല. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലം അപകടഭീഷണിയിലായിരുന്നു. ഇരുമ്പ് ഗര്‍ഡറുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കിെവച്ചാണ് ഇവിടെ നടപ്പാത നിർമിച്ചിരുന്നത്.
കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഒടിഞ്ഞുവീണതോടെ മുഴുവന്‍ പടികളും മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ഇനി ഇതുവഴി യാത്ര ആരംഭിക്കാനാകൂ. കഴിഞ്ഞവര്‍ഷം പാലത്തിലെ സ്ലാബുകള്‍ ഇളകിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി മാസങ്ങളോളം പാലം അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജനകീയ പ്രതിഷേധത്തിനൊടുവിലാണ് പാലം തുറന്നത്. പാലത്തിലൂടെ യാത്ര നിരോധിച്ചതോടെ മാര്‍ക്കറ്റ് ഭാഗത്തുനിന്ന് സിറ്റി ജങ്ഷനിലേക്കും റെയിൽവേ സ്റ്റേഷന് റോഡിലേക്കുമുള്ള യാത്ര ഏറെ ദുരിതത്തിലായി. ഈ ഭാഗത്തെ വ്യാപാരികളെയും ഇത് സാരമായി ബാധിക്കും.


