കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസ് നടത്തിയ പ്രയത്നം അഭിനന്ദനീയമാണ്എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ നമ്മുടെ പോലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിന്ദിക്കുന്നു.
പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുംടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുൻപന്തിയിൽ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.
സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
പലകാര്യങ്ങളും തുറന്നുപറയാനാവില്ലെന്ന് പൊലീസ്
കൂടത്തായിയിലെ കൂട്ടകൊലപാതകത്തിൽ ഷാജുവിന്റെ ഭാര്യ ഫിലിയെ വെള്ളത്തിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വിവാഹം ചെയ്യാൻ വേണ്ടിയായിരുന്നു ഫിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും ജോളി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മറ്റ് പല കാര്യങ്ങളും തുറന്നുപറയാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദഗ്യോഗസ്ഥൻ എസ്..പി കെ.ജി.. സൈമൺ വ്യക്തമാക്കി.
തുടർച്ചയായി പറഞ്ഞ നുണകളും വ്യാജ പ്രചരണങ്ങളുമാണ് ജോളിയിലേക്ക് അന്വേഷണം നീളാൻ കാരണമെന്ന് അന്വേഷണ ചുമതലയുള്ള എസ്..പി കെ.ജി.സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. റോയിക്ക് അസ്വസ്ഥതയുണ്ടാകുമ്പോൾ താൻ അടുക്കളയിൽ രാത്രി ഭക്ഷണത്തിനായി ഓംലറ്റ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ജോളി പറഞ്ഞത്. എന്നാൽ, പിന്നീട് റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ചോറും കടലക്കറിയും ദഹിക്കാത്ത രീതിയിൽ കണ്ടെത്തിയെന്നും അതിൽ സയനൈഡ് കലർത്തിയാണ് ജോളി കൊലപ്പെടുത്തിയതെന്നും വ്യക്തമായതായി പൊലീസ് പറയുന്നു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷമാണ് മരിക്കുന്നത്. എന്നാൽ മരണം നടക്കുമ്പോൾ താൻ അടുക്കളയിൽ ജോലിയിൽ ആയിരുന്നു എന്ന തരത്തിലാണ് ജോളിയുടെ മൊഴി. ഇത് സംശയത്തിന് ആക്കം കൂട്ടിയെന്നും എസ്.പി പറഞ്ഞു.
റോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചതും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും മാത്യുവാണ്. അതോടെ മാത്യുവിനെ കൊലപ്പെടുത്താനുള്ള പദ്ധതികളും ജോളി തയ്യാറാക്കി. ഷാജുവിന്റെ മകൾ ഒരു വയസുള്ള ആൽഫൈന്‍ മരിച്ച ശേഷം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന തരത്തിൽ ജോളി പ്രചരിപ്പിച്ചിരുന്നു
എൻ.ഐ..ടിയിലെ അദ്ധ്യാപികയാണെന്ന് ജോളി നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ജോളിയുടെ വിദ്യാഭ്യാസ യോഗ്യത ബി.കോം മാത്രമാണ്. എൻ.ഐ.ടിയിലേക്ക് പഠിപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞ് എല്ലാ ദിവസവും ജോളി വീട്ടിൽ നിന്നു പോകാറുണ്ടെന്നും പൊലീസ് പറയുന്നു. ജോളി പലപ്പോഴായി പറഞ്ഞ നുണകളാണ് അന്വേഷണത്തിൽ നിർര്‍ണായകമായതെന്നും എസ്.പി കെ.ജി. സൈമൺ പറഞ്ഞു.റോയിയുടെ കൊലപാതക കേസിൽ മാത്രമാണ് ഇപ്പോൾ ജോളിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.
മറ്റ് കേസുകളിൽ അന്വേഷണം തുടരുകയാണ്. എല്ലാ മരണങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങൾക്ക് തുടക്കം കുറിച്ചത്. ഭർത്താവ് റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിച്ചത് ജോളിയാണ്. മരണശേഷം പലപ്പോഴും നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും റോയി ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് സ്ഥാപിക്കാൻ ജോളി ശ്രമിച്ചിരുന്നു. ഇതിലും പൊലീസിന് സംശയം തോന്നിയെന്ന് എസ്‌പി പറഞ്ഞു.സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ടോം തോമസിന്റെയും അന്നമ്മയുടെയും കൊലയിലേക്ക് ജോളിയെ നയിച്ചത്. ഭര്‍ത്താവ് റോയ് തോമസുമായുള്ള ജോളിയുടെ ബന്ധം വഷളായിരുന്നു. ഇതാണ് റോയ് തോമസിനെ കൊലപ്പെടുത്താന്‍ കാരണം. ഷാജുവിനെ പോലൊരു ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ എന്ന് ജോളി പലപ്പോഴും പറഞ്ഞിട്ടുള്ളതായും പൊലീസ് വ്യക്തമാക്കുന്നു. ഇതെല്ലാം റോയിയെ കൊലപ്പെടുത്താന്‍ കാരണമായി.
ആ ആറു മരണങ്ങൾ ഇങ്ങനെ–∙ 2002 ഓഗസ്റ്റ് 22
അന്നമ്മ തോമസ്
കുടുംബത്തിൽ ആദ്യം മരിക്കുന്നത് അന്നമ്മ തോമസ് (57). അധ്യാപികയായി വിരമിച്ച അന്നമ്മ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. രാവിലെ ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുന്നു. വായിൽ നിന്നു നുരയും പതയും വരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ മരണം.
∙ 2008 ഓഗസ്റ്റ് 26
ടോം തോമസ് പൊന്നാമറ്റം (66)
(അന്നമ്മയുടെ ഭർത്താവ്)
വൈകിട്ട് ആറോടെ പുരയിടത്തിലെ കൃഷിപ്പണികൾ കഴിഞ്ഞു ടോം തോമസ് പൊന്നാമറ്റം വീട്ടിലെത്തി. ജോലിക്കാരനോടു കപ്പ പറിച്ചുനൽകാൻ ആവശ്യപ്പെട്ടു. കപ്പ പറിച്ചു നൽകിയ ശേഷം ജോലിക്കാരൻ മടങ്ങി. രാത്രി 7.30ന് കപ്പപ്പുഴുക്കു കഴിച്ചതിനു ശേഷം ടോം തോമസ് ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്നതു മകൻ റോയി തോമസിന്റെ ഭാര്യ ജോളി മാത്രം. ഇവർ അയൽക്കാരെ വിളിച്ചുകൂട്ടുന്നു. ഓടിയെത്തിയ അയൽവാസികൾ കണ്ടത് വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നിലത്തു വീണു കിടക്കുന്ന ടോം തോമസിനെ. ആശുപത്രിയിലേക്കുള്ള വഴിയിൽ മരണം.
∙ 2011സെപ്റ്റംബർ 30
റോയ് തോമസ് (40)
(ടോം തോമസിന്റെയും അന്നമ്മയുടെയും മകൻ)
രാത്രി പുറത്തുപോയി വന്നതിനു ശേഷം ഭക്ഷണം കഴിച്ച ഉടൻ ശുചുമിറിയിലേക്കു പോകുന്നു. ഇവിടെ വച്ചു ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നതു ഭാര്യ ജോളിയും മക്കളും. മക്കൾ ഇരുവരും മുകളിലത്തെ നിലയിൽ. അയൽവാസികളെത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചു പുറത്തെടുക്കുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴും മരിച്ചു. ശരീരത്തിൽ സയനൈഡിന്റെ അംശം ഉണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു മൃതദേഹമെന്നതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു.
∙ 2014 ഫെബ്രുവരി 24
എം.എം.മാത്യു മഞ്ചാടിയിൽ (68)
(വിമുക്തഭടൻ. മരിച്ച അന്നമ്മയുടെ സഹോദരൻ)
ബിഎസ്എഫിൽ സൈനികനായിരുന്ന മാത്യു വിരമിച്ച ശേഷമാണു നാട്ടിലെത്തിയത്. മാത്യുവിന്റെ മൂന്ന് പെൺമക്കളും വിവാഹിതരായി ഭർത്താക്കൻമാർക്കൊപ്പമാണു താമസം. ഒരാൾ ചെന്നൈയിലും രണ്ടുപേർ വിദേശത്തും. സംഭവ ദിവസം മാത്യുവിന്റെ ഭാര്യ ബന്ധുവിന്റെ വിവാഹത്തിനു ഇടുക്കിയിൽ പോയതിനാൽ മാത്യു തനിച്ചായിരുന്നു വീട്ടിൽ. വൈകിട്ട് 3.30ന് മാത്യു വീട്ടിൽ കുഴഞ്ഞുവീണു.
റോയി തോമസിന്റെ ഭാര്യ ജോളി വിവരമറിയച്ചതിനെത്തുടർന്നു അയൽവാസികൾ വീട്ടിലെത്തിയപ്പോൾ കാണുന്നതു വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നിലത്തു വീണു കിടക്കുന്ന മാത്യുവിനെ. ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നു നിർബന്ധം പിടിച്ചതു മാത്യുവായിരുന്നു. കുടുംബത്തിലെ സമാനരീതിയിൽ 3 പേർ മരിച്ചതിലും മാത്യു സംശയം പ്രകടിപ്പിച്ചിച്ചുണ്ടായിരുന്നു.
∙ 2014 മേയ് 3
ആൽഫൈൻ ഷാജു (2)
(മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ്കറിയയുടെ മകൾ)
സഹോദരന്റെ ആദ്യകുർബാന ദിവസം രാവിലെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് കഴിച്ചതിനു പിന്നാലെ കണ്ണുകൾ പുറത്തേക്കുന്തി ബോധരഹിതയായി. ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷം മരണം.
∙ 2016ജനുവരി 11
സിലി ഷാജു
(മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ്കറിയയുടെ ഭാര്യ, മരിച്ച ആൽഫൈനിന്റെ അമ്മ)
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി റോയി തോമസിന്റെ ഭാര്യ ജോളിക്കൊപ്പമാണു സിലി സംഭവദിവസം താമരശേരിയിലെത്തിയത്. സിലിയുടെ മൂത്തമകനും ജോളിയുടെ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. വിവാഹസൽക്കാരം അവസാനിച്ചതിനു ശേഷം ഇരുവരും താമരശേരി ടൗണിലേത്തി. ഈ സമയം സിലിയുടെ ഭർത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവർ 3 പേരും മക്കളും കൂടി പോയി.
ഷാജു ഡോക്ടറെ കാണാനായി അകത്തു കയറിയപ്പോൾ സിലിയും ജോളിയും പുറത്തു വരാന്തയിൽ കാത്തിരുന്നു. ഇവിടെ വച്ചു സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീണു. .ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സിലി മരിച്ചു. ഒരു വർഷത്തിനു ശേഷം 2017 ഫെബ്രുവരി ആറിന് സിലിയുടെ ഭർത്താവ് ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനർവിവാഹിതരായി.



