മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. താനൂര്‍ അഞ്ചുടി സ്വദേശി പുരയ്ക്കല്‍ ഇസ്ഹാഖ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അഞ്ചുടിയിലായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് അഞ്ചുടിയിലും താനൂര്‍,തിരൂര്‍ മേഖലകളിലെ തീരദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. മൃതദേഹം തിരൂർജില്ല ആശുപത്രിയിൽ.
മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ യു.ഡി.എഫ് ഹർത്താൽ
ജില്ലയിലെ തീരദേശ മേഖലകളിൽ വെള്ളിയാഴ്ച യു.ഡി.എഫ് ഹർത്താൽ ആചരിക്കും. താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണിത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
അഞ്ചുടിയിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സി.പി.എം. ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണ് കൊലയ്ക്കുപിന്നിൽ എന്നാണ് മനസ്സിലാക്കുന്നത്.
ഏതെങ്കിലും പ്രവർത്തകന് സംഭവവുമായി ബന്ധമുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ല. കുറ്റവാളികൾ ആരായാലും അവരെ ഉടൻ അറസ്റ്റുചെയ്യണം. തീരദേശമേഖലയിൽ സംഘർഷം നിയന്ത്രിക്കാൻ സി.പി.എമ്മും മുസ്‌ലിംലീഗും നടത്തിവരുന്ന കൂട്ടായ പരിശ്രമങ്ങൾക്ക് ദൗർഭാഗ്യകരമായ ഈ സംഭവം വിഘാതമാകരുതെന്നും ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് അഭ്യർഥിച്ചു.


