Trending Topic: Latest

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു


അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവം മൂലം കേരളത്തിൽ പ്രതീക്ഷക്കപ്പെട്ടിരുന്ന അതിതീവ്ര മഴയുടെ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ പ്രദേശങ്ങൾ (Low Pressure Area) രൂപപ്പെട്ടിട്ടുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് സിസ്റ്റങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തിൽ ഓരോ മണിക്കൂറിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ (Daily Weather) പശ്ചാത്തലത്തിൽ ന്യൂനമർദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനമർദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിർദേശിക്കുന്നത്.

തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ശക്തമായതോ (24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്. മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ജില്ലാതല പ്രവചനം

ഒക്ടോബർ 22 ന് ഇടുക്കി ജില്ലയിലും
ഒക്ടോബർ 23 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നു.


 


ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

2019 ഒക്ടോബർ 22 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും

ഒക്ടോബർ 23 ന് പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും

ഒക്ടോബർ 24 ന് കോട്ടയം, ഇടുക്കി, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലും

ഒക്ടോബർ 25 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണം.

നദികളിലെ ജലനിരപ്പ് സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവരെ ഉടനടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.

അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തിൽ ഡാമുകളുടെ ഡൌൺ സ്ട്രീമിൽ താമസിക്കുന്നവർ പ്രത്യേകം കരുതൽ സ്വീകരിക്കേണ്ടതാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.

കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.

സാങ്കേതിക വിദഗ്‌ധരുടെയും വിവിധ വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ സേവനം ലഭ്യമാക്കി കൊണ്ട് പൂർണ്ണ സജ്ജമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന അടിയന്തഘട്ട കാര്യ നിർവഹണ കേന്ദ്രം (SEOC) ഇന്നും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ അവസ്ഥ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

പുറപ്പെടുവിച്ച സമയം- 1 pm, 22/10/2019
KSDMA - കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !