കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലാത്തറയിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് ബുള്ളറ്റിൽ ഇടിച്ച് ഗുരുതരാവസ്ഥയിൽ ബസിന്റെ അടിയിൽ കിടന്നിരുന്ന ചെറുമുക്ക് ജിലാനിനഗർ സ്വദേശി കോഴിക്കാട്ടിൽ മുഹമ്മദലിയെ ആശുപത്രിയിൽ എത്തിച്ച ബസ്
ഡ്രൈവർ കോട്ടൂർ സ്വദേശി സനീഷ് ബാബുവിനെ വാട്ട്സ്ആപ് കൂട്ടായ്മ ആദരിച്ചു.കോട്ടക്കൽ - വളാഞ്ചേരി റൂട്ടിലെ വടക്കൻ ബസ് ഡ്രൈവറാണ് സനീഷ്. അപകടത്തിൽ മരിച്ച മുഹമ്മദലിയുടെ നാട്ടുകാരായ ചെറുമുക്ക് നാട്ടുകാര്യം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ഉപഹാരസമർപ്പണം ചങ്കുവെട്ടി ജങഷനിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.ടി ഗോകുൽ നിർവ്വഹിച്ചു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരും വഴിയാത്രക്കാരും നോക്കിനിൽക്കെയായിരുന്നു മാതൃക പ്രവർത്തനം.
അപകടം വരുത്തിയ ഷൺമുഖം ബസിന്റെ തൊട്ടുപിറകിലെത്തിയതായിരുന്നു ബാബു ഓടിച്ച ബസ്. ഡ്രൈവർ സീറ്റിൽ നിന്നുമിറങ്ങി മുഹമ്മദലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മോട്ടോർ വാഹനവകുപ്പ് ജീവനക്കാരായ എം.വി.ഐ വിജേഷ് , എ.എം.വി. ഐമാരായ റഷീദ്, ബിജിലാൽ ,ചെറുമുക്ക് നാട്ടുകാര്യം വാട്സ് ആപ്പ് കൂട്ടായ്മ ഭാരവാഹികളായ, വി പി ഖാദർ ഹാജി, മുസ്തഫ ചെറുമുക്ക്, കാമ്പ്ര ബാവ, തട്ടരാട്ടിൽ ലത്തീഫ് ഹാജി,
കമാൽ ചെറുമുക്ക്, വി പി സിദ്ധിഖ്, ബഷീർ പനക്കൽ, കെ ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.


