നിലന്പൂർ: കഴിഞ്ഞ വർഷത്തെ (2018) ബാധിതരായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന അകന്പാടം കണ്ണംകുണ്ട് ട്രൈബൽ വില്ലേജിൽ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ
ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വില്ലേജിലെ 34 കുടുംബങ്ങൾക്കുള്ള വീടുകളുടെ കുറ്റിയടിക്കൽ ആദിവാസി ആചാര പ്രകാരമാണ് നടത്തിയത്. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല, പ്ലാക്കൽചോല, വൈലാശേരി കോളനികളിലെ കുടുംബങ്ങളാണ് ട്രൈബൽ വില്ലേജിലുള്ളത്. വൈലാശേരി കോളനിയിലെ ബീനയുടെ വീടിന്റെ കുറ്റിയടിക്കലാണ് ആദ്യം നടന്നത്. ഏഴു ലക്ഷം രൂപ അടങ്കലിൽ 34 വീടുകളാണ് പണിയുന്നത്. 2020 ജനുവരി 31നകം വീടുകളുടെ നിർമാണം പൂർത്തികരിക്കും. 21ന് മന്ത്രി എ.കെ. ബാലൻ വീടുകളുടെ തറക്കല്ലിടൽ കർമം നിർവഹിക്കും.
ചാലിയാർ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻമാരായ തോണിക്കടവൻ ഷൗക്കത്ത്, അച്ചാമ്മ ജോസഫ്, പി. പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൂക്കോടൻ നൗഷാദ്, പദ്മജ പ്രകാശ്, റീനാ രാഘവൻ, ബിന്ദു തൊട്ടിയൻ, അജിത്ത് പെരുന്പത്തൂർ, നിലന്പൂർ താലൂക്ക് സ്പെഷൽ തഹസിൽദാർ സി.വി. മുരളീധരൻ, നിർമിതികേന്ദ്രം പ്രതിനിധികളായ പ്രൊജക്ട് ഓഫീസർ എ. സുബ്രഹ്മണ്യൻ, ഹെല്ലാ ജോണ്, പ്രവൃത്തിയുടെ കരാറുകാരൻ നൂറുദീൻ എന്നിവർ പങ്കെടുത്തു. വീടുകളുടെ നിർമാണം നാലു മാസം കൊണ്ടു പൂർത്തികരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാൻ പറഞ്ഞു.
അടുത്ത ബുധനാഴ്ച്ച മുതൽ ട്രൈബൽ കോളനിയിലെ നികുതി സ്വികരിച്ച് തുടങ്ങുമെന്ന് സ്പെഷൽ തഹസിൽദാർ സി.വി.മുരളീധരനും പറഞ്ഞു.


