സൂര്യഗ്രഹണം കാണാന്‍ പലവിധ വഴികള്‍

0
ഗ്രഹണം കാണാന്‍ സുരക്ഷിതമായ പലവഴികളുണ്ട്.  2019 ഡിസംബര്‍ 26 ലെ സൂര്യഗ്രഹണം ഇവയിലേതെങ്കിലും മാര്‍ഗമുപയോഗിച്ച് എല്ലാവരും കാണൂ..


ആദ്യമേ പറയട്ടേ, സൂര്യനെ ഒരിക്കലും നഗ്നനേത്രങ്ങളാല്‍ നോക്കരുത്.  ടെലിസ്കോപ്പ് ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ നേരിട്ടു നോക്കല്‍ അരുതേ അരുത്. കാഴ്ചക്ക് സ്ഥിരമോ ഭാഗികമോ ആയ തകരാറുകള്‍ സംഭവിക്കാന്‍ ഇത് കാരണമായേക്കാം. ഗ്രഹണ സമയത്ത് സൂര്യന്റെ കുറെ ഭാഗങ്ങള്‍ ചന്ദ്രന്‍ മറയ്ക്കുകയാണ് ചെയ്യുക. ഗ്രഹണമില്ലാത്ത അവസ്ഥയില്‍ ഉള്ള അത്രയും പ്രകാശം ഗ്രഹണക്കാഴ്ച ലഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയില്ല. അപ്പോള്‍ കുറെ പ്രകാശം കുറയില്ലേ, നോക്കിക്കൂടേ എന്നു തോന്നാം. പക്ഷേ പാടില്ല. ഭാഗികഗ്രഹണസമയത്തോ വലയഗ്രഹണ സമയത്തോ വരുന്ന കുറഞ്ഞ പ്രകാശംപോലും പക്ഷെ കാഴ്ച്ചയെ ബാധിച്ചേക്കാം. സുരക്ഷതിതമായ ഒട്ടേറെ വഴികളുണ്ട് 

അപ്പോ ഗ്രഹണം കാണാന്‍ എന്താ വഴി?


ഏറ്റവും സുരക്ഷിതമായ വഴിയില്‍നിന്ന് ആദ്യമേ തുടങ്ങാം അല്ലേ!


1. സുരക്ഷിതം, ലളിതം! അങ്ങനെയൊരു സൂത്രവിദ്യ


ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്‍പില്‍ ഒട്ടിക്കുക. സൂര്യപ്രകാശം കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച് ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്റെ പ്രതിബിംബമാണ്. സൂര്യഗ്രഹണം മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.

2. ടെലിസ്കോപ്പ് ഉപയോഗിച്ച് എങ്ങിനെ ഗ്രഹണം കാണാം?

ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ നോക്കുന്നത് അത്യന്തം അപകടകരമാണ്. എന്നാല്‍ പ്രൊജക്ഷന്‍ രീതിയിലൂടെ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. പണ്ട് ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയിലൂടെ കേരളത്തിലെ നിരവധി കുട്ടികള്‍ സ്വന്തമായി ടെലിസ്കോപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊജക്ഷന്‍ രീതിക്ക് ഇത്തരം ടെലിസ്കോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ടെലിസ്കോപ്പ് ഒരു സ്റ്റാന്‍ഡില്‍ ഉറപ്പിക്കണം. തുടര്‍ന്ന് ടെലിസ്കോപ്പിന്റെ ഒബ്ജക്റ്റീവ് ലെന്‍സ് സൂര്യന് അഭിമുഖമായി തിരിക്കുക.


യാതൊരു കാരണവശാലും ഈ സമയത്ത് ഐപീസിലൂടെ നേരിട്ട് നോക്കുവാന്‍ പാടുള്ളതല്ല.
ഐപീസില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഒരു വെളുത്ത കടലാസില്‍ വീഴ്ത്തുക. ഐപീസും ഒബ്ജക്റ്റീവും തമ്മിലുള്ള അകലം വ്യതിയാനപ്പെടുത്തി സൂര്യന്റെ വളരെ വ്യക്തമായ ഒരു പ്രതിബിംബം കടലാസില്‍ പതിപ്പിക്കാവുന്നതാണ്. കടലാസും ഐപീസും തമ്മില്‍ ഉള്ള അകലം കൂടുതലായിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വലിയ പ്രതിബിബം ലഭിക്കാന്‍ ഇത് സഹായിക്കും. സൂര്യനിലെ കറുത്തപൊട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൌരകളങ്കങ്ങള്‍ കാണാനും ഇതേ രീതി പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിലയേറിയ ടെലിസ്കോപ്പുകളില്‍ സൂര്യനിരീക്ഷണത്തിനായി പ്രത്യേകം ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ആര്‍.സി കളിലും സ്കൂളുകളിലും ലഭിച്ചിട്ടുള്ള ടെലിസ്കോപ്പുകളില്‍ ചിലതില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. ഈ ടെലിസ്കോപ്പുകളും ഗ്രഹണം നിരീക്ഷിക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്.

ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള പ്രൊജക്ഷന്‍ രീതി ഏറ്റവും സുരക്ഷിതമാണ്  ഒരിക്കല്‍ക്കൂടി പറയട്ടേ ഒരു സമയത്തുപോലും ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കുവാന്‍ പാടുള്ളതല്ല.

3. ഇലച്ചാര്‍ത്തിനടിയിലെ സൂര്യഗ്രഹണക്കാഴ്ചകള്‍!

ഇതൊന്നും കൈയിലില്ലെങ്കിലും സൂര്യഗ്രഹണം കാണാം. അതിന് ഒരു മരച്ചുവട്ടില്‍ ചെല്ലുക. സൂര്യപ്രകാശം ഇലച്ചാര്‍ത്തിനിടയിലൂടെ മണ്ണില്‍ വീഴുന്നുണ്ടാവും. ഇലച്ചാര്‍ത്ത് ഒരു പിന്‍ഹോള്‍ ക്യാമറപോലെ പ്രവര്‍ത്തിക്കും. അതിനാല്‍ സൂര്യന്റെ പ്രതിബിംബമാവും നിലത്ത് രൂപപ്പെടുക. ഒന്നല്ല, രണ്ടല്ല, അനേകമനേകം സൂര്യന്മാരെ നിലത്ത് കാണാനാകും. ഗ്രഹണം മുഴുവനും ഈ രീതിയില്‍ കാണാം. ഒരുതരത്തിലുള്ള ദോഷവശവും ഈ രീതിക്കില്ല എന്നുകൂടി പറയട്ടേ!

4. സോളാര്‍ഫില്‍റ്ററുകള്‍ ഉള്ള കണ്ണടകള്‍

ഉയര്‍ന്ന നിലവാരമുള്ള സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചുള്ള കണ്ണടകള്‍ മേടിക്കാന്‍ കിട്ടും. ഇനി സ്വന്തമായി ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ മൈലാര്‍ഷീറ്റ് ഉപയോഗിച്ച് കണ്ണടയുണ്ടാക്കി അതുപയോഗിച്ചും നോക്കാവുന്നതാണ്. നിലവാരമുള്ള മൈലാര്‍ഷീറ്റുകള്‍ക്ക് ഉയര്‍ന്ന വിലയാണ്. എന്നാല്‍ അതിന്റെ ലഭ്യത കുറവായതിനാല്‍ മിക്കവരും തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഉപയോഗിച്ചാണ് കണ്ണടകള്‍ ഉണ്ടാക്കുന്നത്.




മൈലാര്‍ ഷീറ്റിലുള്ള അലൂമിനിയം കോട്ടിങ് സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. പക്ഷേ ഒന്നിലധികം പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് മൈലാര്‍ ഷീറ്റിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ്  മങ്ങുന്നതു കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ നോട്ടം എളുപ്പമാവും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.

സില്‍വര്‍ പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ അലൂമിനിയം കോട്ടിങ്  ഇളകിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവ പരസ്പരം ഉരഞ്ഞ് കോട്ടിങ് ഇളകിപ്പോകാന്‍ പാടുള്ളതല്ല. അങ്ങനെയായാല്‍ അത് ഫില്‍റ്റര്‍ ആയി പ്രവര്‍ത്തിക്കില്ല. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം സൗരക്കണ്ണട ഉണ്ടാക്കാന്‍.

 മുന്‍കരുതല്‍ എന്ന നിലയില്‍ നാലോ അഞ്ചോ സെക്കന്റുകളേ തുടര്‍ച്ചയായി ഇതില്‍ക്കൂടെയും നോക്കാന്‍ പാടുള്ളൂ.

5. ഇനി ഇതല്ലാതെ സൂര്യനെ നോക്കാനുള്ള വിദ്യകള്‍!


ഗ്രഹണം കാണാന്‍ പല വഴികളുമുണ്ട്. പണ്ട് X-ray ഫിലിമുകള്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ഇത് അനുയോജ്യമല്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പൂര്‍ണ്ണമായി എക്സ്പോസ് ചെയ്യപ്പെട്ട ഫിലിം ആണെങ്കില്‍ വലിയ പ്രശ്നമില്ല. പക്ഷേ അത്തരം ഫിലിം കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ഇനി കിട്ടിയില്‍പ്പോലും ഒരു എക്സ്-റേ ഫിലിം മാത്രം പോരാ. പൂര്‍ണ്ണമായും കറുപ്പാക്കപ്പെട്ട കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു 100Watt ഫിലമെന്റ് ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്റെ ഫിലമെന്‍റ് മാത്രം കാണുന്ന വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇതിലൂടെ കുറെയൊക്കെ ഗ്രഹണം കാണാം. ഏതാനും സെക്കന്‍ഡുകളില്‍ക്കൂടുതല്‍ ഇതിലൂടെ നോക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.


6. ചില കുഞ്ഞുവിദ്യകള്‍

പൊട്ടിയ ഒരു കണ്ണാടിക്കഷണം എടുക്കുക. ഒന്നോ രണ്ടോ സെന്റിമീറ്റര്‍ വലിപ്പം മതി. സൂര്യപ്രകാശത്തെ വീടിനുള്ളിലേക്കോ വീടിന്റെ ഭിത്തിയിലേക്കോ അതുപയോഗിച്ച് പ്രതിഫലിപ്പിക്കുക. അത് സൂര്യന്റെ ചിത്രമാണ്. അങ്ങനെ ഭിത്തിയില്‍ സുഖമായി ഗ്രഹണം കാണാം.

നിറയെ ദ്വാരങ്ങളുള്ള കയില്‍ വീട്ടിലുണ്ടോ? ചോറും മറ്റും കോരിയെടുക്കാന്‍ ഉപയോഗിക്കുന്നത്. എങ്കില്‍ ഗ്രഹണസമയത്ത് അതുമായി പുറത്തിറങ്ങുക. സൂര്യന്റെ വെളിച്ചം അതിലൂടെ കടത്തിവിട്ട് നിലത്തുവീഴട്ടേ. അല്പം ഉയര്‍ത്തിപ്പിടിക്കണം കേട്ടോ. നിലത്ത് നിറയെ ഗ്രഹണസൂര്യന്മാരെ കാണാം.

ഇതൊന്നുമല്ലാതെ ലളിതമായൊരു മാര്‍ദം പറയാം..വലിയ കടലാസില്‍ ഒരു ചെറിയ സുഷിരമിട്ട് അതിലൂടെ സൂര്യപ്രകാശത്തെ നിലത്തെത്തിച്ചാലും മതി. അവിടെയും കിട്ടും നല്ലൊരു ഗ്രഹണക്കാഴ്ച!

വലയസൂര്യഗ്രഹണം ഡിസംബർ 26 ന്  രാവിലെ ഏകദേശം 8 മണി മുതൽ 11 വരെ കാണാം..

നിങ്ങളുടെ സ്ഥലത്തു എങ്ങനെ കാണും എന്നറിയാൻ https://www.timeanddate.com/eclipse/map/2019-december-26 ലിങ്കിൽ കയറി നോക്കാവുന്നതാണ്.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !