അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്‍ ഖുദ്സ് സേനാത്തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചത്തെ നീക്കത്തെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി വധത്തോടെ യുഎസ്- ഇറാന്‍ സംഘര്‍ഷം ശക്തമായതിന് ശേഷം ആദ്യമായാണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. അതേ സമയം ഇറാനെ ഒരുതരത്തിലും ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നുള്ള വാക്കുകളോടെയാണ് യുഎസ്- ഇറാന്‍ സംഘര്‍ഷം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിന് പ്രസിഡന്റ് ട്രംപ് തുടക്കം കുറിച്ചത്. യുഎസ് ആക്രമണത്തില്‍ വധിച്ചത് ഒന്നാം നിര ഭീകരനെയാണെന്നും ഭീകരവാദത്തിന് സഹായം നല്‍കുന്ന നീക്കം ഇറാന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലോകത്തിലെ ആക്രമണങ്ങള്‍ക്ക് സഹായം ചെയ്തുുനല്‍കിയ വ്യക്തിയാണ് സുലൈമാനിയെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. ഇറാനെ ഇനിയൊരു ആക്രമണത്തിന് അനുവദിക്കില്ലെന്നും യുഎസ് സൈന്യം എന്തിനും സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും കുടുതല്‍ സമാധാനപരമായ ലോകത്തിനായി നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എതിരാളിയായിരുന്ന ഐസിസിനെ അമേരിക്ക ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെടുന്നു. പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ നാറ്റോ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സുലൈമാനിയാണെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. സുലൈമാനി യുഎസിനെതിരെ മറ്റ് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവെന്നും അമേരിക്കയാണ് പദ്ധതികള്‍ തകര്‍ത്തതെന്നും ട്രംപ് അവകാശപ്പെടുന്നു. നേരത്തെ തന്നെ സുലൈമാനിയെ വകവരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇറാഖിലെ യുഎസ് സൈനിക ക്യാമ്ബില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് സൈനികരുള്‍പ്പെടെയുള്ളവരെല്ലാം സുരക്ഷിതരാണെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. അമേരിക്കയ്ക്കോ ഇറാഖിനോ ആക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ല. സൈനിക ക്യാമ്ബിന് കുറഞ്ഞ നാശനഷ്ടം മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ട്രംപ് പറയുന്നു. ഇറാന്‍ സുസ്ഥിരമായ രാഷ്ട്രമല്ലെന്ന നിലപാട് ആവര്‍ത്തിച്ച ട്രംപ് രാജ്യം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഇറാനി ഖുദ്സ് സേനയുടെ തലവനായ മേജര്‍ ജനറല്‍ സുലൈമാനി ഉള്‍പ്പെടെ എട്ട് സൈനിക ഉദ്യോഗസ്ഥരാണ് യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സുലൈമാനി ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതോടെയാണ് യുഎസ്- ഇറാന്‍ സംഘര്‍ഷം ശക്തമാകുന്നത്. ഇതിന് തിരിച്ചടിയാണ് ഇറാന്‍ ഇറാഖിലെ സൈനിക താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇറാഖിലെ എര്‍ബില്‍, ഐയ്ന്‍ അല്‍ അസദ് എന്നീ വ്യോമതാവളങ്ങളാണ് ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചത്. എന്നാല്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറക്കുന്ന സമീപനമാണ് ഇറാനില്‍ നിന്ന് പിന്നീട് ഉണ്ടായിട്ടുള്ളത്. യുദ്ധം വേണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നുമാണ് ഇറാന്‍ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !