പോയ കാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തും വരുംവര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആലോചിച്ചും ദഹബാനിലെ ദുര്‍റത്തുല്‍ അറൂസ് റിസോര്‍ട്ടില്‍ നടന്ന ഏകദിന ക്യാമ്പ് വേറിട്ട അനുഭവമായി.
ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി, മൊസാകോ കമ്പനി ചെയര്‍മാന്‍ മുഹമ്മദ് സഈദ് മലൈബാരി എന്നീ സൗദി പൗരപ്രമുഖരുടെ സാന്നിധ്യവും അനുഭവങ്ങള്‍ പങ്കുവെക്കലുംമൂലം വാര്‍ഷിക കുടുംബ സംഗമം അവിസ്മരണീയമായി.
ജനിച്ചുവളര്‍ന്നത് സൗദിയിലാണെങ്കിലും കേരളവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഇരുവരും ക്യാമ്പംഗങ്ങളോടൊപ്പം പാടിയും പറഞ്ഞും സ്മൃതികളില്‍ മധുവൂറും സ്മരണകള്‍ പങ്കുവെച്ചും സംഗമത്തെ ചൈതന്യവത്താക്കി.
സൗദി അറേബ്യയില്‍ സാമ്പത്തികമായ പുത്തനുണര്‍വ്വിന്‍്റെ കാലമാണ് വരാനിരിക്കുന്നതെന്നും അത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് സഈദ് മലൈബാരി പറഞ്ഞു.
വിനോദ, വിനോദസഞ്ചാര മേഖലകളിലടക്കം വമ്പിച്ച മുന്നേറ്റം നടത്തുന്ന സൗദി അറേബ്യ, പുരോഗതിയുടെയും പരിവര്‍ത്തനത്തിന്റെയും പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ സമൃദ്ധിയുടെ നാളുകളാണ് സമാഗതമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിതാമഹന്‍ വാഗണ്‍ ട്രാജഡിയില്‍ രക്തസാക്ഷിയായതും പ്രപിതാമഹന്‍ മലപ്പുറം വലിയങ്ങാടിയില്‍ ബ്രിട്ടീഷ് പടയോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചതും മലയാളിയായ മാതാവിന്റെ വാത്സല്യത്തിന്റെ ഈറനണിയും കഥകളും, മലയാളികള്‍ ഫദ്‌ല് മലൈബാരി എന്ന് വിളിക്കുന്ന ശൈഖ് അബ്ദുറഹ്മാന്‍ മലൈബാരി വിവരിച്ചപ്പോള്‍ സ്വയം വിതുമ്പുകയും സദസ്യരെ കണ്ണീരിലാഴ്ത്തുകയും ചെയ്തു.
അകാലത്തില്‍ മരണപ്പെട്ട മാതൃസഹോദരന്റെ അറബി അറിയാത്ത മകളെ കല്യാണം കഴിക്കാന്‍ മാതാവ്, സൗദിയില്‍ ജനിച്ച് വളര്‍ന്ന മലയാളം ഒട്ടുമറിയാത്ത തന്നെ നിര്‍ബന്ധിച്ചതിന്റെ പൊരുള്‍ ദൈവാനുഗ്രഹം പെയ്തിറങ്ങിയ പില്‍ക്കാല ജീവിതത്തില്‍നിന്ന് അദ്ദേഹം ഓര്‍ത്തെടുത്തത് ആവേശപൂര്‍വമായിരുന്നു.
ചടങ്ങില്‍ ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് മുസ്തഫ വാക്കാലൂര്‍ അവതരിപ്പിച്ചു. സെക്രട്ടറി കബീര്‍ കൊണ്ടോട്ടി ക്യാമ്പംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ഡോ. ഇസ്മായില്‍ മരിതേരി (പ്രണയത്തിന്റെ അലൗകിക സൗന്ദര്യം), ഹസന്‍ ചെറൂപ്പ (പ്രകൃതി ജീവനകല), മുസ്തഫ വാക്കാലൂര്‍ (വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ നവസമീപനങ്ങള്‍), ഇബ്രാഹിം ശംനാട് (മൂസാനബിയുടെ ജീവിതം ആധുനിക പരിപ്രേക്ഷ്യത്തില്‍) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടര്‍മാരായ കബീര്‍ കൊണ്ടോട്ടിയും ഇസ്ഹാഖ് പൂണ്ടോളിയും പരിപാടികള്‍ക്ക് നേതൃത്വമേകി. സെക്രട്ടറി എ.പി.എ ഗഫൂറിന്റെ ഏകാഭിനയം പഴയകാല പ്രവാസ ജീവിതത്തിന്റെ ഉള്ളുലക്കുന്ന നേര്‍കാഴ്ചയായി.
സെക്രട്ടറി സാദിഖലി തുവ്വൂര്‍, കെ.ടി മുസ്തഫ പെരുവള്ളൂര്, അബ്ദുറഹിമാന്‍ കാളമ്പ്രാട്ടില്‍, നൗഫല്‍ പാലക്കോത്ത് എന്നീ അംഗങ്ങള്‍ക്കൊപ്പം നജീബ് പാലക്കാത്തും ഷാജി ഉമര്‍ കൂട്ടിലങ്ങാടിയും ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെ സംഗീതസാന്ദ്രമായ രാവാണ് സമ്മാനിച്ചത്.
മലൈബാരികളുടെ ഹിന്ദി, അറബി ഗാനാലാപനം ഈടുറ്റ ഇന്ത്യാ-സൗദി ബന്ധത്തിലെ അവാച്യമായ നവ്യാനുഭൂതി പകരുന്നതായി. പി.എം മുര്‍തള, വൈസ് പ്രസിഡന്റുമാരായ ജലീല്‍ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി എന്നിവര്‍ ജീവിതാനുഭവങ്ങളുടെ ചീന്തുകള്‍ പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !