കൊച്ചി: രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ പൊതു താല്പര്യമില്ലെന്ന് കണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്. നിയമങ്ങളുടെ ദുരുപയോഗമാണ് നടന്നതെന്ന് കാണിച്ച് അഡ്വ. ഹരീഷ് വാസുദേവനാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് ഹര്‍ജി തള്ളിയത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത് . അതിനാല്‍ രണ്ട് ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 1994 ലെ കേബിള്‍ ടിവി നിയന്ത്രണച്ചട്ടം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
കേബിള്‍ ടിവി ആക്‌ടില്‍ തെറ്റില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും പൊതു സമാധാനവും ധാര്‍മികതയും അന്തസും സംരക്ഷിക്കുന്നതാണ് കേബിള്‍ ടിവി ആക്‌ട്. പൊതു സമാധാനവും ധാര്‍മികതയും അന്തസും ആവശ്യമാണെന്നും മേലില്‍ ഇത്തരം ഹര്‍ജികള്‍ വരാന്‍ പാടില്ലെന്നും വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
കേബിള്‍ ടിവി ആക്‌ടില്‍ വ്യക്തികളേയും സംഘടനകളേയും വിമര്‍ശിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും ഇത് മൗലികാവകാശത്തിന് എതിരാണെന്നുമായിരുന്നു ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ വാദം. ഹര്‍ജിക്കാരന്‍ ഭരണഘടനാ സാധുത ചോദ്യം ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ചാനലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഹര്‍ജിയില്‍ പറയുന്നുണ്ടെങ്കിലും ഏഷ്യാനെറ്റോ മീഡിയാ വണ്ണോ കോടതിയെ സമീപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് ആറാം തീയതി വൈകീട്ട് ഏഴര മുതലാണ് രണ്ട് ചാനലുകളുടെയും സംപ്രേക്ഷണം 48 മണിക്കൂര്‍ തടഞ്ഞത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനു മേലായിരുന്നു നടപടി. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന് ആറു മണിക്കൂറിനു ശേഷവും മീഡിയ വണ്‍ 14 മണിക്കൂറിനു ശേഷവും സംപ്രേക്ഷണ അനുമതി ലഭിച്ചു. ചാനലുകള്‍ക്കെതിരെ ഏതെങ്കിലും സംഘടനയോ വ്യക്തിയോ മാനനഷ്ടകേസ് നല്‍കിയതായി അറിയില്ല. ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടി നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !