പിഴ അടക്കേണ്ട തുക 500 ദിർഹം കൈയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മാത്രമാണ് കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശി പി. അഫ്സൽ ഇപ്പോൾ സുഖമായിരിയുന്നത്. കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു അഫ്സൽ.
എന്നാൽ, വിമാനത്തിൽ കയറ്റിയില്ല. കാരണം വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഏകദേശം 1000 ദിർഹം അടക്കണം. കൈയിൽ 500 ദിർഹം മാത്രം. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറെ വിളിച്ചു. അദ്ദേഹം കൊടുഞ്ഞുവിട്ട പണവുമായി ആൾ വിമാനത്താവളത്തിൽ എത്തുമ്പോഴേക്ക് വിമാനം പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങിയിരുന്നു. നിരാശനായി രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ ഇരുന്ന് അഫ്സൽ ഒടുവിൽ ദേരയിലെ ബന്ധുവിന്‍റെ മുറിയിൽ അഭയം തേടി.
ഒന്നു മയങ്ങി എഴുന്നേറ്റപ്പോഴാണ് താൻ കയറേണ്ടിയിരുന്ന വിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ടതും നിരവധി പേർ മരിച്ചതുമായുള്ള വാർത്ത അറിയുന്നത്. നാട്ടിലെത്താൻ വൈകിയതിലുള്ള നിരാശ ജീവൻ ബാക്കിയായതിന്‍റെ ആശ്വാസത്തിലേക്ക് വഴി മാറുമ്പോൾ എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് അഫ്സൽ. ഉമ്മയുടെ പ്രാർഥനയുടെ പുണ്യമാണിതെന്ന് ദുബൈയിൽ നിന്ന് ഫോണിൽ സംസാരിച്ച അഫ്സൽ പറഞ്ഞു.
യാത്ര മുടങ്ങിയപ്പോൾ 500 ദിർഹം ഇല്ലാതെ പോയതിൽ ഏറെ സങ്കടപ്പെട്ടിരുന്നു. ഇല്ലാതെ പോയ ആ ദിർഹം ആയുസ്സ് നീട്ടിത്തന്നുവെന്ന് ഓർക്കുമ്പോൾ സന്തോഷത്താൽ കണ്ണു നിറയുകയാണെന്ന് അഫ്സൽ പറഞ്ഞു. നാലു വർഷമായി യു.എ.ഇ യിലുള്ള 26കാരനായ അഫ്സൽ അബുദാബി ഡേറ്റ്സ് കമ്പനി ജീവനക്കാരനാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !