കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. കര്‍ഷക നേതാക്കളുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച.
ഇതിനിടെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചിടുന്നതിലേക്ക് നയിച്ചു. ഡല്‍ഹിയിലേക്ക് പോകാന്‍ മറ്റു പാതകള്‍ ഉപയോഗിക്കാന്‍ നോയിഡ പോലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കര്‍ഷകരാണ് ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ എത്തിയവരാണിവര്‍.
അതേ സമയം ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍, ഭാവി പരിപാടികളും സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും നടത്തുന്നതിനായി കര്‍ഷക നേതാക്കള്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. നാളെ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ടെന്നിരിക്കെയാണ് കര്‍ഷക നേതാക്കള്‍ കൂടിയാലോചന നടത്തുന്നത്. കര്‍ഷക സമരം ഇന്നേക്ക് ഏഴാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
Source:Mathrbhimidotcom
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !