മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 13 റണ്‍സ് ജയം

0

വേദിമാറ്റം ഇന്ത്യയ്ക്ക് ഗുണം ചെയ്തു; ടീമിൽ വരുത്തിയ മാറ്റങ്ങളും. ആദ്യ രണ്ട് ഏകദിനങ്ങളിൽ തോറ്റ ടീമിൽ നാലു മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ മുഖം രക്ഷിക്കാനൊരു വിജയം. ഇരു ടീമുകളും ഒരുപിടി മാറ്റങ്ങളുമായി കളത്തിലിറങ്ങിയ മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യയുടെ വിജയം. പരമ്പരയിലാദ്യമായി ടോസ് ലഭിച്ച ഇന്ത്യ, ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 50 ഓവറിൽ നേടിയത് 302 റൺസ്. ഓസ്ട്രേലിയയുടെ മറുപടി 49.3 ഓവറിൽ 289 റൺസിൽ അവസാനിച്ചു. ബോളിങ് വിഭാഗത്തിൽ അടിമുടി മാറ്റവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി, പരമ്പരയിലാദ്യമായി അവസരം ലഭിച്ച താരങ്ങളെല്ലാം തിളങ്ങി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനം ശ്രദ്ധേയം. 92 റൺസുമായി ഇന്ത്യൻ പോരാട്ടം നയിച്ച ഹാർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.

കാൻബറയിൽ 2010നുശേഷം രണ്ടാമതു ബാറ്റു ചെയ്തവർ ജയിച്ചിട്ടില്ലെന്ന ചരിത്രം കൂടിയാണ് ഇന്ന് ‘ജയിച്ചത്’. ഇക്കാലയളവിൽ ഓസീസ് ഇവിടെ രണ്ടാമതു ബാറ്റു ചെയ്യുന്നതും ആദ്യമായാണ്. ഇതോടെ, തുടർച്ചയായ രണ്ടാം ഏകദിന പരമ്പരയിലും സമ്പൂർണ തോൽവിയെന്ന നാണക്കേടും ഇന്ത്യ ഒഴിവാക്കി. ഇതിനു മുൻപ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു.

ഫിഞ്ചടിച്ചു, മാക്സ്‍വെലും; പക്ഷേ....
പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആരോൺ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്കോറർ. 82 പന്തുകൾ േനരിട്ട ഫിഞ്ച് ഏഴു ഫോറും മൂന്നു സിക്സും സഹിതം 75 റൺസെടുത്തു. ഐപിഎലിലെ ദയനീയ പ്രകടനത്തിന്റെ നിഴലിൽനിന്ന് പുറത്തുകടന്ന ഗ്ലെൻ മാക്സ്‌വെലിന്റെ അർധസെഞ്ചുറിയും എടുത്തുപറയണം. 38 പന്തിൽ 59 റൺസാണ് മാക്സ്‌വെലിന്റെ സമ്പാദ്യം. മൂന്നു ഫോറും നാലു സിക്സും സഹിതമാണ് പരമ്പരയിൽ രണ്ടാം വട്ടം മാക്സ്‍വെൽ അർധസെഞ്ചുറി നേടിയത്.

അലക്സ് കാരി (42 പന്തിൽ 38), മോയ്സസ് ഹെൻറിക്വസ് (31 പന്തിൽ 22), കാമറോൺ ഗ്രീൻ (27 പന്തിൽ 21), ആഷ്ടൺ ആഗർ (28 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണറായെത്തിയ മാർനസ് ലബുഷെയ്ൻ (13 പന്തിൽ ഏഴ്), കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അതിവേഗ സെഞ്ചുറികൾ കുറിച്ച് കരുത്തുകാട്ടിയ സ്റ്റീവ് സ്മിത്ത് (15 പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. സീൻ ആബട്ട് (ഒൻപത് പന്തിൽ നാല്), ആദം സാംപ (ഏഴു പന്തിൽ നാല്), ജോഷ് ഹെയ്‍സൽവുഡ് (ഏഴു പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.

ഇന്ത്യൻ നിരയിൽ അരങ്ങേറ്റ മത്സരം കളിച്ച ടി.നടരാജൻ 10 ഓവറിൽ ഒരു മെയ്ഡൻ സഹിതം 69 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഷാർദുൽ താക്കൂർ 10 ഓവറിൽ ഒരു മെയ്ഡൻ സഹിതം 51 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ചെഹലിനു പകരം ടീമിലെത്തിയ കുൽദീപ് യാദവ് 10 ഓവറിൽ 57 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടും രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുമുണ്ട്.

കരുത്തായി പാണ്ഡ്യ, കോലി, ജഡേജ
നേരത്തെ, ഏകദിനത്തിലെ കന്നി സെഞ്ചുറിയെന്ന നേട്ടത്തിന്റെ പടിവാതിൽക്കൽ ഒരിക്കൽക്കൂടി പോരാട്ടം അവസാനിപ്പിക്കേണ്ട വന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. പാണ്ഡ്യയ്ക്കു പുറമെ അർധസെഞ്ചുറികളുമായി ക്യാപ്റ്റൻ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും നിറഞ്ഞുനിന്ന ഇന്നിങ്സിനൊടുവിൽ, ഓസീസിനു മുന്നിൽ ഇന്ത്യ ഉയർത്തിയത് 303 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 302 റൺസെടുത്തത്. പരമ്പരയിലാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.

ഇന്ത്യൻ നിരയിൽ ഹാർദിക് പാണ്ഡ്യ 76 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 92 റൺസുമായി പുറത്താകാതെ നിന്നു. ജഡേജയുടെ ഉയർന്ന ഏകദിന സ്കോറാണിത്. ഒന്നാം ഏകദിനത്തിൽ സിഡ്നിയിൽ നേടിയ 90 റൺസായിരുന്നു ഇതിനു മുന്‍പ് പാണ്ഡ്യയുടെ ഉയർന്ന സ്കോർ. രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത ആറാം വിക്കറ്റിൽ 108 പന്തിൽനിന്ന് ഇരുവരും അടിച്ചെടുത്ത 150 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 78 പന്തിൽ 63 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി ആദ്യ മത്സരം കളിച്ച ആഷ്ടൺ ആഗർ 10 ഓവറിൽ 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

സ്കോർ ബോർഡിൽ 26 റൺസുള്ളപ്പോൾ ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റിൽ വിരാട് കോലി – ശുഭ്മാൻ ഗിൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് അടിത്തറയായത്. ഇരുവരും 59 പന്തിൽനിന്ന് അടിച്ചെടുത്തത് 56 റൺസ്. പിന്നാലെ ഓസീസ് താരങ്ങൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യൻ മുന്നേറ്റത്തിന് മൂക്കുകയറിട്ടെങ്കിലും, പിരിയാത്ത ആറാം വിക്കറ്റിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സഖ്യം താങ്ങായി. വെറും 108 പന്തിൽനിന്ന് ഇവർ അടിച്ചെടുത്ത 150 റൺസാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ ഉറപ്പാക്കിയത്.

ഇന്ത്യൻ നിരയിൽ പരമ്പരയിലാദ്യമായി അവസരം ലഭിച്ച യുവതാരം ശുഭ്മാൻ ഗിൽ 39 പന്തിൽ 33 റൺസെടുത്തു. ഓപ്പണർ മായങ്ക് അഗർവാളിനു പകരമാണ് ഗില്ലിന് അവസരം നൽകിയത്. ഓപ്പണറായെത്തിയ ഗിൽ മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 33 റൺസെടുത്തത്. ശിഖർ ധവാൻ (27 പന്തിൽ 16), ശ്രേയസ് അയ്യർ (21 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലാണ്. സമ്പാദ്യം 11 പന്തിൽ അഞ്ച് റൺസ് മാത്രം.

ടീം അഴിച്ചുപണിത് ഇന്ത്യ, ഓസീസ്

ആദ്യ രണ്ട് ഏകദിനങ്ങളിലും തീർത്തും നിരാശപ്പെടുത്തിയ ബോളിങ് യൂണിറ്റിൽ സമ്പൂർണ അഴിച്ചു പണി നടത്തിയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ജസ്പ്രീത് ബുമ്ര മാത്രം ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ പുറത്തായി. പകരമെത്തിയത് ഏകദിന അരങ്ങേറ്റം കുറിക്കുന്ന ടി.നടരാജൻ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ. ബാറ്റിങ് നിരയിൽ മായങ്ക് അഗർവാളിനു പകരം യുവതാരം ശുഭ്മാൻ ഗില്ലിനും അവസരം നൽകി. സിഡ്നിയിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യ, പരമ്പര നഷ്ടമാക്കിയിരുന്നു. പരമ്പര സ്വന്തമാക്കിയ ഓസ്ട്രേലിയയിലും ടീമിൽ അഴിച്ചുപണി നടത്തി.

ഏകദിനത്തിൽ ഓസീസിനെതിരെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനങ്ങൾ
83(66)
20(26)
78(72)
41(40)
48(27)
90(76)
28(31)
92*(76)

ഏകദിനത്തിൽ പാണ്ഡ്യയുടെ ഉയർന്ന സ്കോറുകൾ
2*(76) – ഓസ്ട്രേലിയയ്‌ക്കെതിരെ കാൻബറയിൽ, 2020
90(76) – ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിൽ, 2020
83(66) – ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ, 2017
78(72) –ഓസ്ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ, 2017
76(43) –പാക്കിസ്ഥാനെതിരെ ഓവലിൽ, 2017

2010നു ശേഷം കാൻബറയിൽ ഏകദിനത്തിലെ ഒന്നാം ഇന്നിങ്സ് സ്കോറുകൾ
329/7
329/5
267
372/2
411/4
348/8
378/5
302/5
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !