മലപ്പുറം: കോവിഡ് ജാഗ്രതയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിക്കുന്ന ദിവസം കൊട്ടിക്കലാശം ഒഴിവാക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം ജില്ലയിൽ പലയിടത്തും രാഷ്ട്രീയ പാർട്ടികൾ കാറ്റിൽ പറത്തി.
ഇന്നലെ വൈകീട്ട് നിരത്തുകളിൽ വാഹനങ്ങളുമായി എത്തിയ മുന്നണി പ്രവർത്തകർ പലയിടത്തും പരസ്പരം ഏറ്റുമുട്ടി. കോവിഡ് വ്യാപനം ജില്ലയിൽ കുറയാതെ നിൽക്കുന്പോഴാണ് ജില്ലയിൽ പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിന്റെ പേരിൽ അഴിഞ്ഞാടിയത്. കൊണ്ടോട്ടിയിലും വേങ്ങരയിലും സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി. കൊണ്ടോട്ടി, ചോക്കാട്,വാഴക്കാട,്വേങ്ങര,എടക്കര എന്നിവിടങ്ങളിൽ കൊട്ടിക്കലാശം സംഘർഷത്തിൽ കലാശിച്ചു. ചോക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം സംഘടിപ്പിച്ചത് സംഘർഷത്തിന് ഇടയാക്കി. അനുമതിയില്ലാതെ നടത്തിയ കൊട്ടിക്കലാശത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മർദനമേറ്റു. കല്ലാമൂല, മാളിയേക്കൽ, ചോക്കാട്, മഞ്ഞപ്പെട്ടി എന്നീ അങ്ങാടികളിലാണ് കൊട്ടിക്കലാശം നടന്നത്.
കല്ലാമൂലയിൽ മൽസരിക്കുന്ന ഇരുമുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രവർത്തകരാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. ചോക്കാട് അങ്ങാടിയിലും മാളിയേക്കലിലും ഇരുമുന്നണികളും കൊട്ടിക്കലാശം നടത്തി. മാളിയേക്കലിലാണ് സംഘർഷത്തിനിടെ സ്ഥാനാർഥിക്ക് പരിക്കേറ്റത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
എടക്കര, പോത്തുകൽ, വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ നിരത്തിലിറങ്ങി. ബാൻഡ് വാദ്യങ്ങളുടെ അകന്പടിയോടെയായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ആവേശം. വേങ്ങരയിലെ രണ്ടിടങ്ങളിൽ പ്രചാരണം സംഘർഷ ഭരിതമായി.
പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിലും പാക്കാടപുറായയിലുമാണ് കൊട്ടിക്കലാശത്തിനിടെ പോലീസ് ലാത്തി വീശിയത്. ശക്തമായ മത്സരമാണ് രണ്ടിടത്തും നടക്കുന്നത്. യുഡിഎഫും യുഡിഎഫിന്റെ വിമത സ്ഥാനാർഥികളും തമ്മിൽ പോരാട്ടം നടക്കുന്ന വാർഡുകളായതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് അഞ്ചു മണിക്ക് തന്നെ പരസ്യ പ്രചരണം നിർത്തിവെക്കാൻ പോലിസ് നിർദേശം നൽകിയിരുന്നു. നിർദ്ദേശം പാലിക്കാതെ ഇരു വിഭാഗങ്ങളും പ്രചാരണം തുടർന്നപ്പോൾ തർക്കങ്ങളുണ്ടായി. വേങ്ങര സിഐ ഹിദായത്തുള്ള മാന്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തിയ ലാത്തിവീശി പ്രവർത്തകരെ ഒടിച്ചു.
വാഴക്കാട് അങ്ങാടിയിൽ കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് വാഴക്കാട് പോലീസ് ലാത്തി വീശി. വാഴക്കാട് അങ്ങാടിയിൽ ചീനി ബസാറിലാണ് സംഘർഷമുണ്ടായത്. ഇരു മുന്നണികളുടെയും പ്രചാരണ വാഹനങ്ങൾ റോഡിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച് അനൗണ്‍സ്മെന്റ് തുടങ്ങി. പോലീസ് എത്തി അനൗണ്‍സ്മെന്റ് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളും തുടങ്ങിയത്. കൊട്ടപ്പുറത്ത് നിയന്ത്രണങ്ങൾ മാനിക്കാതെ കാട്ടിക്കലാശം നടത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിവീശി. സംഘർഷം കാരണം ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !