കോവിഡ് വാക്സീൻ എടുത്തതിനു പിന്നാലെ വേദന സംഹാരി കുത്തിവയ്പ്പ് എടുത്ത യുവ ഡോക്ടർ തമിഴ്നാട്ടിൽ മരിച്ചു. വാക്സീനേഷൻ എടുക്കുന്നവർ ജാഗ്രത പുലർത്തുക.!!! ഏതാനും ദിവസങ്ങളായി വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പാണിത്. എന്നാൽ ഇതിലെ വാസ്തവം എന്താണ് ?
വാക്സീൻസീൻ എടുത്തിനു പിന്നാലെ വേദനസംഹാരി ഇഞ്ചക്‌ഷൻ എടുത്തതാണോ ഡോ. ഹരി ഹരിണിയുടെ മരണത്തിന് കാരണം?
മാർച്ച് 11 നാണ് മധുരൈ മെഡിക്കൽ കോളജിൽ അനസ്തേഷ്യോളജിയിൽ പിജി വിദ്യാർഥിനിയായ ഡോക്ടർ ഹരി ഹരിണി മരണപ്പെട്ടത്. മാര്‍ച്ച് അഞ്ചിനാണ് മെഡിക്കല്‍ പിജി വിദ്യാര്‍ഥിയായ ഭർത്താവ് ഡോ. വിഘ്‌നേഷ് ഹരിണിയ്ക്ക് വീട്ടില്‍വച്ച് കുത്തിവെപ്പ് നല്‍കിയത്. തൊട്ടുപുറകേ യുവതി ഛര്‍ദ്ദിച്ച് അവശയായി ബോധം നഷ്ടപ്പെട്ട് തളര്‍ന്നുവീഴുകയുമായിരുന്നു. ആദ്യം കാമരാജര്‍ശാലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മട്ടുത്താവണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മരണകാരണം വാക്സീനേഷൻ ആണെന്ന് പ്രചാരണം ഉയർന്നതിനെ തുടർന്ന് വിശദീകരണവുമായി തമിഴ്നാട് ആരോഗ്യവകുപ്പ് രംഗത്തു വരുകയും ചെയ്തു.
ഫെബ്രുവരി അഞ്ചിനാണ് ഹരി ഹരിണി കോവിഡ് വാക്സീനിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷം മാർച്ച് അഞ്ചിന് അവർക്ക് പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭർത്താവ് ഡോക്ടർ അശോക് വിഗ്നേഷ് വേദനസംഹാരിയായ ഡൈക്ലോഫെനാക് സോഡിയം അവരിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതോടെ ഹരിണിയുടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മെക്കാനിക്കൽ വെന്‍റിലേഷനിൽ ആറു ദിവസത്തിനു ശേഷം മാർച്ച് 11ന് ഹരി ഹരിണി മരണപ്പെടുകയായിരുന്നു.
മാർച്ച് 12ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ അലർജി റിയാക്ഷൻ മൂലം ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് പറയുന്നു. 'കോവിഡ് വാക്സിൻ സ്വീകരിച്ചതാണ് മരണകാരണമെന്ന പ്രചാരണം തെറ്റാണ്. വേദനസംഹാരി കുത്തിവച്ചത് മൂലമാകാം അലർജി റിയാക്ഷൻ ഉണ്ടായത്. വേദനസംഹാരി എന്ന നിലയിൽ വർഷങ്ങളായി ഡൈക്ലോഫെനാക് സോഡിയം കുത്തിവയ്ക്കാറില്ല. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഇത്തരം കുത്തിവെപ്പുകൾ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുമുണ്ട്.'- ജില്ലാ പ്രതിരോധ കുത്തിവെപ്പ് ഓഫിസർ ഡോ. കെ.വി. അർജുൻ കുമാർ പറഞ്ഞു.
കോവിഡ് വാക്സീൻ എടുത്തശേഷം ഡിക്ലോഫെനാക് കഴിക്കരുതെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ ആകട്ടെ, കുത്തിവെപ്പ് എടുത്തശേഷം ഡിക്ലോഫെനാക്കിന് പകരം വേദന സംഹാരിയായി പാരസെറ്റമോൾ ഉപയോഗിക്കാൻ നിർദേശമുണ്ട്.
"അവർ ഒരാഴ്ച വെന്റിലേറ്ററിൽ കഴിഞ്ഞു. അവരുടെ വേദനയുടെ കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഡിക്ലോഫെനാക് കുത്തിവയ്പ്പിന് അനാഫൈലക്റ്റിക് പ്രതികരണം ഉണ്ടാകാം. വേദനയുടെ ആവിർഭാവത്തിന് കോവിഡ് വാക്സീന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, ഇതുവരെ നടത്തിയ മെഡിക്കൽ വിലയിരുത്തലുകളിൽ വാക്സിനേഷന് പങ്കുണ്ടെന്ന സൂചനയില്ല. വാക്സിനേഷൻ കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് ഡോക്ടർക്ക് വേദന ഉണ്ടായത്." - ഹരിണിയെ പ്രവേശിപ്പിച്ച മധുരൈയിലെ മീനാക്ഷി മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. കൃഷ്ണൻ പറയുന്നു.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പൊലീസ് കേസെടുത്തു. ആവണിയാപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഘ്‌നേഷും ഹരിണിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. മേല അനുപ്പനാടിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.
|
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !