ഒമർ ലുലുവിന്റെ ഒരു അഡാർ ലവിനു ഹിന്ദിയിൽ വമ്പൻ വരവേൽപ്പ്. ഹിന്ദിയിൽ ഡബ്ബ് ചെയ്ത് യുട്യൂബിൽ റിലീസ് ചെയ്‌ത ചിത്രമാണ് ‘കോടി’കളുടെ ക്ലബ്ബിൽ ഇടംപിടിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. പത്തുലക്ഷം ലൈക്കുകളും ഇതിനോടകം തന്നെ ഈ പ്രണയ ചിത്രം സ്വന്തമാക്കി. പത്തുലക്ഷം ഡിസ്‌ലൈക്ക് കിട്ടി എന്ന അപഖ്യാതി നേടിയ ചിത്രമാണ് അന്യഭാഷാ പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്നത് എന്നുള്ളതിൽ നിറഞ്ഞ സന്തോഷം എന്ന് സംവിധായകൻ ഒമർ ലുലു. റിലീസിന് മുൻപ് തന്നെ ലാഭകരമായ ആദ്യ മലയാള ചിത്രം കൂടിയാണ് അഡാർ ലവ് എന്നും ഒമർ ലുലു മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘ആദ്യത്തെ പത്തുലക്ഷം ഡിസ്‌ലൈക് കിട്ടിയ ഒരു സിനിമയ്ക്ക് ഹിന്ദി ഭാഷയിൽ പത്തുലക്ഷം ലൈക്സ് കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഡബ്ബ് ചെയ്തു ഇറക്കിയ പതിപ്പുകൾക്ക് ഞങ്ങൾ വലിയ പ്രൊമോഷൻ ചെയ്തിരുന്നില്ല. പുതിയ കുട്ടികളെ വച്ച് ചെയ്ത പടമാണ്. ശരിക്കും മലയാളത്തിൽ ഒരു ഡിസ്‌ലൈക് ക്യാംപെയ്ൻ വരെ നടന്നു. ഒരുപാട് ട്രോളും ഇറങ്ങി. സിനിമയെ തകർക്കാൻ വലിയ ശ്രമം നടന്നു. പക്ഷേ അന്യ ഭാഷയിൽ വലിയ രീതിയിൽ ഉള്ള വരവേൽപ്പാണ് അഡാർ ലവിനു ലഭിച്ചത്. അഞ്ചുകോടി കാഴ്ചക്കാരും പത്തുലക്ഷം ലൈക്കും കിട്ടുക എന്നത് ചെറിയ കാര്യമല്ല. ആദ്യമായാണ് ഒരു മലയാളഭാഷാചിത്രം മൊഴിമാറ്റിയതിനു അന്യഭാഷയിൽ ഇത്രത്തോളം അംഗീകാരം കിട്ടുന്നത്.’–ഒമർ ലുലു പറയുന്നുു.
കർമ എന്നതിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ഞാൻ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്. സിനിമ റിലീസിന് മുന്നേ ലാഭകരമായിരുന്നു. നാല് ഭാഷകളിൽ ഡബ്ബ് പോയി. ലാലേട്ടന്റെ പുലിമുരുകൻ പോലും സിനിമ ഇവിടെ റിലീസ് ചെയ്‌തതിന് ശേഷമാണു ഡബ്ബ് പോയത്. പുലിമുരുകൻ പോയതിനേക്കാൾ റേറ്റിൽ രണ്ടു പുതിയ കുട്ടികളുടെ ചിത്രം പോവുകയായിരുന്നു. കന്നഡയിൽ ഒരുപാടുകാലത്തിനു ശേഷം റിലീസ് ചെയ്ത ഡബ്ബ് സിനിമയായിരുന്നു ഇത്. പുതുമുഖങ്ങളെ വച്ച് ചെയ്ത ഒരു സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് ചാനലുകൾ വാങ്ങുക തന്നെ ആദ്യമായത്. റിലീസിന് മുന്നേ തന്നെ മുടക്കുമുതൽ തിരിച്ചുകിട്ടി. നിർമ്മാതാവിന് നഷ്ടമുണ്ടാകരുത് എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു. നഷ്ടം ഉണ്ടായില്ല എന്ന് മാത്രമല്ല നല്ല മെച്ചമുണ്ടാവുകയും ചെയ്തു. സങ്കടവും സന്തോഷവും തന്ന ഒരു സിനിമയായിരുന്നു അഡാർ ലവ്.’
‘മലയാളത്തിൽ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് പറയാൻ കഴിയില്ല . മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ അഡാർ ലവ്വിന്റെതാണ്, 29 മില്യൺ വ്യൂ ആണ് കിട്ടിയത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോൺ എടുത്തിട്ടുപോലും 20 മില്യൺ റീച്ചേ കിട്ടിയിട്ടുള്ളു എന്ന് തോന്നുന്നു. പുതിയ കുട്ടികളെ വച്ച് ചെയ്തിട്ട് കിട്ടാവുന്നതിന്റെ മാക്സിമം റിസൾട്ട് കിട്ടി. ഒരു ഉയർച്ച ഉണ്ടാകുമ്പോൾ ഒരു താഴ്ചയും ഉണ്ടാകുമല്ലോ. ചിത്രത്തെ മോശമാക്കാൻ വലിയ ശ്രമവും നടന്നു. എന്നാലും റിലീസിന് മുന്നേ ലാഭം ആവുക എന്ന് പറഞ്ഞാൽ മലയാള സിനിമയിൽ ആദ്യമായിരിക്കും.’
‘അഡാർ ലവിൽ അഭിനയിച്ച കുട്ടികളും ശ്രദ്ധിക്കപ്പെട്ടു. ലക്ഷക്കണക്കിന് ഫോളോവേർസ് അവരുടെ പിന്നാലെ കൂടി. വ്യക്തിപരമായി അവർക്ക് ഒരുപാട് നേട്ടമുണ്ടായി. പെട്ടന്നൊരാള്‍ ഉയരത്തിൽ എത്തുമ്പോൾ അവരെപ്പറ്റി മോശം പറയാനും ട്രോള് ഉണ്ടാക്കാനും ആളുകാണും. ഇവരെ ട്രോള് ചെയ്യുന്നവർക്കും റീച്ച് ഉണ്ടായി എന്നാണു പറയേണ്ടത്. എന്തായാലും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ ഹാപ്പി ആണ്.’
‘പവർ സ്റ്റാർ ആണ് പുതിയ പടം. അടുത്ത നവംബറിൽ ആണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു പക്കാ മാസ്സ് പടമാണ്. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ജോണർ ആണ് ഈ പടം. ഡെന്നിസ് ജോസഫ് സാറിന്റെ അവസാനത്തെ തിരക്കഥ ആണ് പവർ സ്റ്റാറിന്റേത്. ബാബു ആന്റണി, റിയാസ് ഖാൻ, അബു സലിം, ബാബു രാജ്, കന്നഡയിൽ നിന്നും കുറച്ചു താരങ്ങൾ, ലൂയിസ് മാന്റലർ എന്ന ഹോളിവുഡ് ആക്ടർ എന്നിവരാണ് മുഖ്യ താരങ്ങൾ.
‘കന്നഡയിലെ ഒരു സൂപ്പർ താരത്തെയും പ്രതീക്ഷിക്കുന്നുണ്ട്. ഹോളിവുഡ് താരം ഒക്കെ ഉള്ളതുകൊണ്ട് നല്ല വിപണന സാധ്യതയുണ്ട്. ഹോളിവുഡിൽ കൂടി റിലീസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീതം ചെയ്ത ആളാണ് ഈ സിനിമയുടെ സംഗീതസംവിധായകൻ. ബാബു ആന്റണിയുടെ തിരിച്ചുവരവായതുകൊണ്ടു അദ്ദേഹത്തിന് തിയറ്റർ റിലീസ് തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. ഡെന്നിസ് ജോസഫിന്റെ പേരിനൊപ്പം എന്റെ പേരുകൂടി ബിഗ് സ്‌ക്രീനിൽ കാണണം എന്നൊരാഗ്രഹം എനിക്കുമുണ്ട്. അതുകൊണ്ടു തന്നെ പവർ സ്റ്റാർ തിയറ്ററിൽ റിലീസ് ചെയ്യാൻ മാക്സിമം ശ്രമിക്കും.’–ഒമർ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !