ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഡൽഹിയിൽ കേസ്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയൽ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഐ.ടി - പോക്സോ നിയമങ്ങൾ പ്രകാരമുള്ളതാണ് പുതിയ കേസ്.
ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസിന്റെ സൈബർ സെല്ലാണ് കേസെടുത്തിട്ടുള്ളത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ട്വിറ്ററിൽ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിൽ പറയുന്നു. ഡൽഹി പോലീസിന്റെ സൈബർ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജൂൺ 29 ന് ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഈ മാസം ആദ്യം കേസെടുത്തിരുന്നു. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ട്വിറ്റർ ഇന്ത്യ തലവൻ മഹേഷ് മഹേശ്വരിയെ അറസ്റ്റു ചെയ്യുന്നത് കർണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ യു.പി പോലീസ് അപ്പീൽ നൽകിയിട്ടുമുണ്ട്. ഉത്തർപ്രദേശിൽ ഫയൽ ചെയ്യപ്പെട്ട മറ്റൊരു കേസിലും ട്വിറ്റർ ഇന്ത്യ മേധാവി ഉൾപ്പെട്ടിട്ടുണ്ട്. ട്വിറ്റർ വെബ്സൈറ്റിൽ ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. തെറ്റായ ഭൂപടത്തിൽ ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് കാണിച്ചിരുന്നത്. ഇതേ ആരോപണത്തിന്റെ പേരിൽ മഹേശ്വരിക്കെതിരെ മധ്യപ്രദേശിലും കേസെടുത്തിട്ടുണ്ട്.
ഉപഭോക്താക്കൾ പോസ്റ്റു ചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമ നടപടികളിൽനിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഐ.ടി ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്. പരാതി പരിഹാരത്തിനായി ഇന്ത്യൻ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നതടക്കമുള്ള വ്യവസ്ഥകൾ പാലിക്കാനാണ് ട്വിറ്റർ വിസമ്മതിച്ചത്. പുതിയ ഐ.ടി നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !