ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് സാമ്പത്തിക സഹായം നൽകാനാവില്ല. ധനസഹായം നൽകിയാൽ കോവിഡ് പ്രതിരോധത്തിനായുള്ള ഭാവി പദ്ധതികളെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളിലെ വിദഗ്ദരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.
വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുന്നതിന് കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ അധികമായി കണ്ടെത്തേണ്ടതുണ്ട്. ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന തുകയ്ക്കും പരിമിതികളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ധനസഹായം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലാണെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിലപാട് അറിയിക്കാൻ ജൂൺ 21 വരെ കോടതി സമയം നൽകുകയായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
നേരത്തെ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും.അഞ്ചു വർഷത്തേക്കാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നൽകുക.
കൂടാതെ കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കും. സ്കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !