മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി പിൻവലിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ടന്റാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ വിമർശനം ശക്തമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ വൻ വിമര്‍ശനമാണ് നാനാതുറയിൽനിന്നും ഉയർന്നത്. ഡൽഹി ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമർശിച്ച് നേതാക്കളും സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപയ്നും നടന്നു. ഇന്ത്യയിലെ മറ്റു ഭാഷകളെ പോലെ ഒന്നാണു മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ശശി തരൂർ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷും നടപടിയെ വിമര്‍ശിച്ചു. #RightToSpeakMalayalam എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയ്നാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് മലയാളത്തിന് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് മലയാളി നഴ്സുമാർ പറഞ്ഞിരുന്നത്. രണ്ടു വർഷമായി കേരളത്തിൽനിന്നുള്ള നഴ്സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരിൽ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്സുമാർ പറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽതന്നെയാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ ചൂണ്ടിക്കാട്ടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !