ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.
ഹൈക്കോടതി വിധി സ്‌കോളർഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന ആയിരകണക്കിന് മുസ്‌ലിം വിദ്യാർത്ഥികളെ ബാധിച്ചുവെന്ന് ഹർജിയിൽ പറയുന്നു. ക്രിസ്ത്യൻ അടക്കമുള്ള മറ്റ് സമുദായത്തിന് സ്കോളർഷിപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. അടുത്തിടെ 10 കോടി രൂപ ചെലവാക്കിയിരുന്നു.
80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ല. പാലോളി സമിതിയുടെ ശിപാർശ പ്രകാരം മുസ്ലിം സമുദായത്തിന്‍റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. അതിനാൽ ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
അതേസമയം തടസ്സഹർജിയുമായി കേരള കൗൺസിൽ ഓഫ് ചർച്ചസും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. 2015ലെ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !