ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചു എന്ന ആരോപണവുമായി കെടി ജലീല്‍. പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാല്‍ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചന്ദ്രിക ഇപ്പോള്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീല്‍ പറഞ്ഞു.
കെടി ജലീലിന്റെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗം,
"പിഎഫ് ഇനത്തില്‍ ചന്ദ്രി അഞ്ച് കോടിയോളം രൂപയാണ് കുടിശ്ശികയാക്കായിട്ടുള്ളത്. നിയമം നോക്കിയാല്‍ ചന്ദ്രികയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം കൂടിയാണിത്. ചന്ദ്രികയിലെ ജീവനക്കാരില്‍ ചിലര്‍ എന്നെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കോടികള്‍ തിരിഞ്ഞു മറിഞ്ഞു പോവുന്നുണ്ടെന്നും പക്ഷെ ഞങ്ങള്‍ക്കതിന്റെ നേട്ടമൊന്നും കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു. യഥാവിധി ശമ്പളം പോലും ലഭിക്കാതെ ജോലി ചെയ്യുന്നവരാണ് ചന്ദ്രിക പത്രത്തിലെ ജീവനക്കാര്‍. ഒരു ഘട്ടത്തില്‍ അവര്‍ സമരമുഖത്തായിരുന്നു എന്നതും നിങ്ങള്‍ക്കറിയാവുന്ന കാര്യമാണ്.
ഗള്‍ഫില്‍ ഏറ്റവുമധികം വരിക്കാരുണ്ടായിരുന്ന പത്രമായിരുന്നു ചന്ദ്രിക. ആ ചന്ദ്രിക പത്രം കഴിഞ്ഞ ജനുവരി 10 മുതല്‍ യുഎഇയില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ആറുകോടിയോളം രൂപയുടെ കുടിശ്ശിക പത്രം അച്ചടിച്ച സ്ഥാപനത്തിന് യുഎഇയില്‍ കൊടുക്കാനുണ്ട്. ആ പണം കൊടുത്തു തീര്‍ക്കാനെന്ന പേരില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് നാലര മില്യണ്‍ യുഎഇ ദര്‍ഹമാണ് പിരിച്ചെടുത്തത്. ആ പിരിച്ചെടുത്ത പണം ഒരു രൂപ പോലും മിഡില്‍ ഈസ്റ്റ് ചന്ദ്രിക അച്ചടിച്ചിരുന്ന പ്രസില്‍ കൊടുക്കാതെ നേരെ ചിലര്‍ പോക്കറ്റിലാക്കി.
കുഞ്ഞാലിക്കുട്ടിയുടെ ഗള്‍ഫിലെ സ്ഥാപനം മുഖേനെയാണ് ഈ പണം കേരളത്തിലെത്തിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ കേരളത്തിന് പുറത്ത് ചന്ദ്രിക പത്രം പ്രസിദ്ധീകരിക്കുന്നത് ഖത്തറില്‍ പിഡിഎഫ് ആയിട്ട് പുറത്തിറക്കുന്ന പതിപ്പ് മാത്രമാണ്.കേരളത്തിനു പുറത്തുള്ള ചന്ദ്രികയുടെ എല്ലാ എഡിഷനുകളും നിലച്ചിരിക്കുകയാണ്. തന്റെ സില്‍ബന്ദികളെ മാത്രം ഗള്‍ഫിലെ കെഎംസിസിയുടെ തലപ്പത്ത് കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചത് അവിടെ ലീഗ് ശക്തിപ്പെടുത്താനല്ല. അവിടെ നിന്നും ചന്ദ്രികയ്ക്കും ലീഗിനുമായി പിരിച്ചെടുക്കുന്ന പണം മുഴുവന്‍ പോക്കറ്റിലാക്കാനാണ്.
ഇത്രയും വലിയ കൊടിയ വഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹം സുഖമായി ഇവിടെ സഭയില്‍ വന്നു കൊണ്ടിരിക്കുന്നത്. കോടിക്കണൃക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയയാള്‍ ഇവിടെ സുഖമായി കഴിയുന്നു. എന്നാല്‍ ഇതിലൊന്നും മനസ്സാവാചാ കര്‍മ്മണാ ഒരു ബന്ധവുമില്ലാത്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോവുന്നത്. ഇത് തങ്ങളെയും തങ്ങള്‍ കുടുംബത്തെയും സ്‌നേഹിക്കുന്നവര്‍ക്കും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കുന്നതാണ്," കെടി ജലീല്‍ പറഞ്ഞു.
Source: reportertv
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !