രണ്ടു പതിറ്റാണ്ടു പിന്നിട്ട ബന്ധം വിടർത്തി സ്പാനിഷ് ക്ലബ് ബാർസിലോന വിടുന്നതിനേക്കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീരണിഞ്ഞ് സൂപ്പർതാരം ലയണൽ മെസ്സി. ബാർസ വിടുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മെസ്സി കണ്ണീരണിഞ്ഞത്. ഇത്തരമൊരു വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസ്സി പറഞ്ഞു. 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസ്സി നന്ദി രേഖപ്പെടുത്തി.
ഭാവിയേക്കുറിച്ചും വാർത്താ സമ്മേളനത്തിൽ മെസ്സി മനസ്സു തുറന്നു. ഇനി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, ‘അതും ഒരു സാധ്യതയാണെന്ന്’ വാർത്താ സമ്മേളനത്തിനിടെ മെസ്സി വ്യക്തമാക്കി. ‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും തീരുമാനിച്ചിട്ടില്ല. ബാർസിലോന വിടുന്ന കാര്യം പരസ്യമായതോടെ ഒട്ടേറെ വിളികൾ വരുന്നുണ്ട്. അതെല്ലാം ചർച്ചയിലാണ്’ – മെസ്സി പറഞ്ഞു.
മെസ്സിയുടെ പ്രസംഗത്തിൽനിന്ന്...
‘ഇത്തരമൊരു നിമിഷത്തിനായി ഞാൻ ഒരുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമാണ്. കഴിഞ്ഞ വർഷം ടീം വിടാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഇത്തവണ തുടരാനായിരുന്നു ആഗ്രഹം. ഇവിടെത്തന്നെ തുടരണമെന്നാണ് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചത്’ – കണ്ണീരോടെ മെസ്സി പറഞ്ഞു.
‘21 വർഷം ഇവിടെ ജീവിച്ചശേഷം എന്റെ മൂന്ന് കറ്റാലൻ–അർജന്റീന മക്കളുമായി ഞാൻ മടങ്ങുകയാണ്. ഈ നഗരത്തിലാണ് ഞങ്ങൾ ദീർഘകാലം ജീവിച്ചത്. ഇത് ഞങ്ങൾക്ക് വീടു തന്നെയായിരുന്നു. എല്ലാറ്റിനും നന്ദി പറയാൻ മാത്രമേ കഴിയുന്നുള്ളൂ. എന്റെ സഹതാരങ്ങൾക്കും എന്നോടൊപ്പം ചേർന്നു നിന്നവർക്കും നന്ദി’ – മെസ്സി പറഞ്ഞു.
‘ഇവിടെ എത്തിയ അന്നു മുതൽ ടീമിനായി കളിച്ച അവസാന ദിനം വരെ എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നെങ്കിലും ഇവിടെനിന്ന് പോകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ഒന്നു പറയാം. ഇവിടെ തുടരാൻ ഞാൻ സാധ്യമായതെല്ലാം ചെയ്തതാണ്. പക്ഷേ അവർക്ക് (ബാർസിലോന അധികൃതർക്ക്) ലാ ലിഗയിലെ ചട്ടങ്ങൾ കാരണം ഒന്നും ചെയ്യാനായില്ല’ – മെസ്സി പറഞ്ഞു.
‘ഞാൻ പോകുന്നതിനേക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പക്ഷേ, എന്റെ ഭാഗത്തുനിന്ന് തുടരാൻ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. കഴിഞ്ഞ വർഷം എനിക്ക് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ഞാൻ അതു പറയുകയും ചെയ്തിരുന്നു. ഈ വർഷം എനിക്ക് പോകാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതിനു സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം’ – മെസ്സി പറഞ്ഞു.
‘ഈ ക്ലബ്ബിനെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഇവിടുത്തെ ആരാധകരെ കാണാതിരുന്ന കഴിഞ്ഞ ഒന്നര വർഷത്തെ ജീവിതം കഠിനമായിരുന്നു. ഇവിടെനിന്ന് വിടപറയുന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിരുന്നെങ്കിൽത്തന്നെ നൂകാംപ് നിറയെ ആരാധകർക്കിടയിൽനിന്ന് നല്ല രീതിയിൽ യാത്ര പറയാനേ ഞാൻ ആഗ്രഹിക്കൂ’ – മെസ്സി പറഞ്ഞു.
∙ രണ്ട് പതിറ്റാണ്ടിനുശേഷം വിടപറച്ചിൽ
മെസ്സി ബാർസയിൽ തുടരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം ടീം വിടുകയാണെന്ന് ബാർസിലോന കഴിഞ്ഞ ദിവസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാർസയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സൂപ്പർതാരം ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്. കരാർ കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതൽ മെസ്സി ഫ്രീ ഏജന്റായിരുന്നു.
‘കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാർസിലോനയും ലയണൽ മെസ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസ്സി ഇനി ബാർസിലോനയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്സി ബാർസിലോന മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ – പ്രസ്താവന വ്യക്തമാക്കുന്നു
13–ാം വയസ്സിൽ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വർഷത്തോളമാണ് അവിടെ തുടർന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മെസ്സി 2003ൽ തന്റെ 16–ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാർസയ്‌ക്കൊപ്പമോ അതിലുപരിയോ വളർന്ന മെസ്സി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.
നേരത്തെ, ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാർസയിൽ തുടരാനാണു താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൻ ലാപോർട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ല.
ബാർസിലോനയിൽ മെസ്സിയുടെ നേട്ടങ്ങൾ
∙ 672 ഗോളുകൾ (റെക്കോർഡ്)
∙ 268 അസിസ്റ്റുകൾ (റെക്കോർഡ്)
∙ 778 കളികൾ (റെക്കോർഡ്)
∙ 35 കിരീടങ്ങൾ (റെക്കോർഡ്)
∙ 6 തവണ ബലോൻ ദ് ഓർ പുരസ്കാരം (റെക്കോർഡ്)
∙ 6 തവണ ഗോൾഡൻ ബൂട്ട് (റെക്കോർഡ്)
∙ 8 തവണ ലാലിഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി (റെക്കോർഡ്)
Greatest Applause
— FC Barcelona (@FCBarcelona) August 8, 2021
Of
All
Time pic.twitter.com/YoJt8nkTZc
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !