ന്യൂസീലൻഡ് ഉയർത്തിയ 154 റൺസ് വിജയ ലക്ഷ്യം 16 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. കെ.എൽ. രാഹുലിന്റെയും രോഹിത് ശർമയുടെയും സെഞ്ചുറി കൂട്ടുകെട്ടാണു മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കു നേടിക്കൊടുത്തത് 117 റൺസ്. ഇരുവരും അർധസെഞ്ചുറി തികച്ചു. രാഹുൽ 49 പന്തിൽ 65 റൺസും രോഹിത് ശർമ 36 പന്തിൽ 55 റൺസും നേടി പുറത്തായി. അഞ്ച് സിക്സുകളും ഒരു ഫോറുമാണ് ക്യാപ്റ്റൻ രോഹിത് കിവീസിനെതിരെ നേടിയത്. രാഹുൽ രണ്ട് സിക്സും ആറ് ഫോറുകളും അടിച്ചെടുത്തു. സൂര്യ കുമാർ യാദവ് ഒരു റണ്ണുമായി പുറത്തായെങ്കിലും വെങ്കടേഷ് അയ്യരും (12) ഋഷഭ് പന്തും (12) പിടിച്ചുനിന്നതോടെ 17.2 ഓവറിൽ ഇന്ത്യ വിജയറൺസ് കുറിച്ചു. ജയ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊൽക്കത്തയിൽ നടക്കും.
ന്യൂസീലൻഡ് ആറിന് 153
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റൺസെടുത്തു. പവര്‍പ്ലേയിൽ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്ത ശേഷമാണ് കിവീസ് ബാറ്റർമാർ പിന്നാക്കം പോയത്. 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ ബോളെറിഞ്ഞവരെല്ലാം വിക്കറ്റുമായി തിളങ്ങിയ മത്സരത്തിൽ മുന്നിൽനിന്ന് നയിച്ചത് 31 വയസ്സു തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് ഇറങ്ങിയ ഹർഷൽ പട്ടേൽ. ഐപിഎലിലെ മിന്നുന്ന ഫോം രാജ്യാന്തര വേദിയിലും തുടർന്ന പട്ടേൽ, നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
മാർട്ടിൻ ഗപ്ടിൽ (15 പന്തിൽ 31), ഡാരിൽ മിച്ചൽ (28 പന്തിൽ 31), മാർക്ക് ചാപ്മാൻ (17 പന്തിൽ 21), ടിം സീഫർട്ട് (15 പന്തിൽ 13) എന്നിവരും ന്യൂസീലൻഡിനായി തിളങ്ങി. നിരാശപ്പെടുത്തിയത് 12 പന്തിൽ മൂന്നു റൺസെടുത്ത ജിമ്മി നീഷം മാത്രം. പുറത്തായില്ലെങ്കിലും അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ (ഒൻപതു പന്തിൽ എട്ട്), ആദം മിൽനെ (നാലു പന്തിൽ അഞ്ച്) എന്നിവർക്ക് റൺനിരക്ക് ഉയർത്താനാകാതെ പോയത് കിവീസിന് തിരിച്ചടിയായി.
ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിൻ, നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത അക്ഷർ പട്ടേൽ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ദീപക് ചാഹർ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !