പുതിയ പരിശീലകനു കീഴിൽ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് എടികെയുടെ വിജയം. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിൽനിന്ന ബ്ലാസ്റ്റേഴ്സിനെ, ആക്രമണത്തിലെ കൃത്യതകൊണ്ടാണ് എടികെ മോഹൻ ബഗാൻ വീഴ്ത്തിയത്.
സൂപ്പർതാരം ഹ്യൂഗോ ബോമു ആദ്യ പകുതിയിൽ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. 2, 39 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകൾ. റോയ് കൃഷ്ണ (27, പെനൽറ്റി), ലിസ്റ്റൻ കൊളാസോ (50) എന്നിവരാണ് എടികെയുടെ മറ്റു ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ മലയാളി താരം സഹൽ അബ്ദുൽ സമദ് (24), അർജന്റീന താരം ഹോർഹെ പെരേര ഡയസ് ((69) എന്നിവർ നേടി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് 3–1ന് പിന്നിലായിരുന്നു.
∙ ഗോളുകൾ വന്ന വഴി
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എടികെ ലീഡ് നേടി. നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്‍സിയിൽനിന്ന് കൊൽക്കത്ത സ്വന്തമാക്കിയ സൂപ്പർതാരം ഹ്യൂഗോ ബോമുവാണ് ആദ്യ ഗോൾ നേടിയത്. ലിസ്റ്റൺ കൊളോസോയിൽനിന്ന് ലഭിച്ച പന്ത് ബോക്സിനു വെളിയിൽവച്ച് ബോമു ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയർത്തിവിട്ടു. ഗോൾകീപ്പർ ആൽബിനോ ഗോമസ് പന്തിന് കണക്കാക്കി ഓടിയെത്തിയ റോയ് കൃഷ്ണയുടെ ഹെഡർ പ്രതീക്ഷിച്ചുനിൽക്കെ, പന്ത് ഒരിടത്തും തൊടാതെ നേർവഴിയിൽ വലയിൽ കയറി. സ്കോർ 1–0.
എടികെയുടെ അപകടകരമായ മുന്നേറ്റങ്ങൾക്കിടയിലും പന്തിലെ നിയന്ത്രണം വിടാതെ കാത്ത ബ്ലാസ്റ്റേഴ്സ് 24–ാം മിനിറ്റിൽ തിരിച്ചടിച്ചു. പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ മലയാളി താരം കെ.പി. രാഹുലിനെ തടയാൻ എടികെ പ്രതിരോധത്തിന്റെ ശ്രമം. രാഹുലിന്റെ ഷോട്ട് പ്രതീക്ഷിച്ച് തടയാൻ നിരങ്ങിയെത്തിയ താരത്തെ കബളിപ്പിച്ച് പന്ത് നിയന്ത്രിച്ചുനിർത്തി രാഹുൽ ബോക്സിനു നടുവിൽ സഹലിനു മറിച്ചു. പന്ത് കാലിൽക്കൊരുത്ത് സഹൽ പായിച്ച ഷോട്ട് വലയിൽ കയറുമ്പോൾ എടികെ ഗോൾകീപ്പർ കാഴ്ചക്കാരനായി. സ്കോർ 1–1.
എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദത്തിന് മിനിറ്റുകളുടെ ആയുസ് മാത്രം. ഇത്തവണ എടികെയ്ക്കായി ലക്ഷ്യം കണ്ടത് അവരുടെ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണ. ബ്ലാസ്റ്റേഴ്സ് ബോക്സിൽ തുടർച്ചയായി അപകടം വിതച്ച റോയ് കൃഷ്ണയുടെ ഒരു മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ ഫൗൾ. റോയ് കൃഷ്ണ നിലത്തുവീണ ഉടൻ ഗോമസിന് റഫറി വക മഞ്ഞക്കാർഡും എടികെയ്ക്ക് പെനൽറ്റിയും. കിക്കെടുത്ത റോയ് കൃഷ്ണ ഗോമസിനെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു. സ്കോർ 2–1.
മത്സരം 40–ാം മിനിറ്റിലേക്കു കടക്കും മുൻപേ എടികെ ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ഹ്യൂഗോ ബോമു തന്നെ. ബ്ലാസ്റ്റേഴ്സ് ബോക്സിനു സമീപത്തുവച്ച് ലഭിച്ച പന്തുമായി ബോമുവിന്റെ മുന്നേറ്റം. തടയാനായി ഒപ്പം കൂടിയ ബ്ലാസ്റ്റേഴ്സ് താരത്തെ കായികമികവിൽ പിന്തള്ളി ബോമുവിന്റെ ഷോട്ട്. തടയാനായി കാത്തുനിന്ന ഗോമസിന്റെ കാലിനടയിലൂടെ പന്ത് വലയിൽ. സ്കോർ 3–1.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ എടികെ ലീഡ് വർധിപ്പിച്ചു. ഇത്തവണ അവർക്കായി ഗോൾ നേടിയത് ഇന്ത്യൻ താരം ലിസ്റ്റൺ കൊളാസോ. റോയ് കൃഷ്ണയിൽനിന്ന് പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടതുമൂലയിൽനിന്ന് കൊളാസോ ഉയർത്തിവിട്ട പന്ത്, ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന് യാതൊരു അവസരവും നൽകാതെ വലയിൽ ചാഞ്ഞിറങ്ങി. സ്കോർ 4–1.
69–ാം മിനിറ്റിൽ അർജന്റീന താരം ഹോർഹെ പെരേര ഡയസിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾകൂടി തിരിച്ചടിച്ചു. അഡ്രിയാൻ ലൂണയിൽനിന്ന് ലഭിച്ച ത്രൂബോൾ പിടിച്ചെടുത്ത് പെരേര തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 4–2.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
Read Also:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !