ആലുവ | ഭർത്തൃപീഡനത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ ചർച്ചയ്‌ക്ക് പിന്നാലെ നിയമവിദ്യാർത്ഥിനിയായ മോഫിയാ പർവീൺ(21) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആലുവ സി.ഐയ്‌ക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ട്. ആലുവ ഡി.വൈ.എസ്.പിയായ പി.കെ ശിവൻകുട്ടി നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സൂചിപ്പിക്കുന്നത്. മോഫിയാ ഭർത്താവിനെ സ്‌റ്റേഷനിൽവച്ച് തല്ലിയപ്പോൾ ശാസിക്കുക മാത്രമേ സി.ഐ ചെയ്‌തുളളുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് സംഭവത്തിൽ വിശദമായ റിപ്പോർട്ട് എസ്.പി കെ.കാർത്തിക് ആവശ്യപ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്‌ച സ്‌റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് ഡി.വൈ.എസ്.പി പി.കെ ശിവൻകുട്ടി റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ ആലുവ സി.ഐ സി.എൽ സുധീറിന് ഗുരുതര പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയത്. തുടർന്നാണ് വിശദമായ റിപ്പോർട്ട് എസ്.പി തേടിയത്. പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണമുണ്ടായതിനെ തുടർന്നും മോഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നതിനാലും സുധീറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി.
കേസിൽ മോഫിയയുടെ ഭർത്താവായ കോതമംഗലം മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഇയാളുടെ മാതാപിതാക്കളായ റുഖിയ(55), യൂസഫ്(63) എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ, ബോധപൂർവമല്ലാത്ത നരഹത്യ തുടങ്ങി നാല് വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിൽ ആലുവ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് വലിയ സംഘർഷമാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !