കോഴിക്കോട്| ബാലികാ മന്ദിരത്തിൽനിന്നു ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള രണ്ടു യുവാക്കൾക്കെതിരേ പോലീസ് കേസെടുക്കും. കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ ആറു പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്.
ബംഗളൂരുവിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കൾക്കെതിരേ പെൺകുട്ടികൾ മൊഴി നൽകിയതിനെത്തുടർന്നാണ് കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്. പെൺകുട്ടികളെ സഹായിക്കാൻ എന്ന പേരിൽ ട്രെയിനിൽവച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് യുവാക്കൾ. ഇവർ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു പെൺകുട്ടികൾ മൊഴി നൽകി. അതുപോലെ മദ്യം നൽകാനും ശ്രമിച്ചു.
ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരേ പോലീസ് കേസെടുക്കുന്നത്. ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയെന്നാണ് പെൺകുട്ടികൾ പോലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ബാലികാമന്ദിരത്തിലെ സാഹചര്യങ്ങൾ വളരെ മോശമായതുകൊണ്ടാണ് തങ്ങൾ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവർ പോലീസിനോടു പറഞ്ഞു.
പെൺകുട്ടികളെ കാണാതായതിനെത്തുടർന്നു നടത്തിയ വ്യാപകമായ അന്വേഷണത്തിനും തെരച്ചിലിനുമൊടുവിൽ ഒരു പെൺകുട്ടിയെ ആദ്യവും രണ്ടാമത്തെയാളെ ഇന്നലെ രാവിലെയും ബംഗളൂരുവിൽനിന്നു കണ്ടെത്തിയിരുന്നു. ബാക്കി നാലു പേരെ ഇന്നലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽനിന്നുമാണ് കണ്ടെത്തിയത്.
സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാലു പേർ വ്യാഴാഴ്ച വൈകിട്ടു ബംഗളൂരുവിൽനിന്ന് ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു.
തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ, കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ യുവാക്കൾ കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളാണ്. യാത്രയ്ക്കിടയിൽ പെണ്‍കുട്ടികളെ പരിചയപ്പെട്ടു എന്നാണ് ഇരുവരും നൽകുന്ന മൊഴി.
ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ പെണ്‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് വ്യക്തമാക്കിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !