ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ചരിത്രത്തിൽ മൂന്നാം ഫൈനലിന് കേരള ബ്ലാസ്റ്റേഴ്സ് തയാറെടുക്കുമ്പോൾ, ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടം നേരിട്ടു കാണാനും സ്റ്റേഡിയത്തിലെത്തി ടീമിന് പിന്തുണ നൽകാനും ആരാധകരെ ഗോവയിലേക്കു സ്വാഗതം ചെയ്ത് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് വീണ്ടും രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ഇവാൻ വുക്കൊമനോവിച്ച് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നത്. സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ എന്ന സിനിമയിലെ ‘കേറി വാടാ മക്കളേ’ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് സെർബിയക്കാരനായ ഇവാൻ ആരാധകരെ ഫൈനൽ പോരാട്ടം കാണാൻ ക്ഷണിക്കുന്നത്.
‘പ്രിയമുള്ളവരെ, നമ്മൾ ഐഎസ്എൽ ഫൈനൽ കളിച്ചിട്ട് കുറച്ചുനാളായി. ഞങ്ങൾ നിങ്ങളെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെവന്ന് ടീമിനു പിന്തുണ നൽകൂ. കേറി വാടാ മക്കളേ...’ – ഇതാണ് വിഡിയോയിൽ ഇവാന്റെ ഡയലോഗ്.
നേരത്തെ, ജംഷഡ്പുർ എഫ്‍സിക്കെതിരായ രണ്ടാം പാദ സെമി ഫൈനലിനു പിന്നാലെ ആരാധകരെ ഗോവയിലേക്ക് സ്വാഗതം ചെയ്ത ഇവാന്റെ വിഡിയോയും ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ‘Manjappada, we are waiting for you. We are waiting here for you. Come..’ (മഞ്ഞപ്പട, ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. വരൂ’) – ഇതായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകൾ.
മത്സശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴും, ആരാധകർക്ക് നടുവിൽ കലാശപ്പോരാട്ടം കളിക്കാനാകുന്നതിന്റെ സന്തോഷം ഇവാൻ വുക്കൊമനോവിച്ച് പങ്കുവച്ചു. ‘ഏറ്റവും സന്തോഷം തരുന്ന കാര്യം അതാണ്. ആരാധകക്കൂട്ടത്തെ കാണുമ്പോൾ കുട്ടികൾക്ക് കളത്തിൽ വലിയ പ്രചോദനം ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി നമ്മുടെ ആരാധകർ ഒട്ടേറെ വിഷമസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. പ്രത്യേകിച്ചും മത്സരഫലങ്ങൾ തുടർച്ചയായി പ്രതികൂലമായപ്പോൾ. ഈ സീസണിൽ നമുക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും ആരാധകർക്ക് നേരിട്ട് കാണാനായില്ല. അവർക്ക് സ്റ്റേഡിയത്തിലെത്തി അത് ആസ്വദിക്കാനുമായില്ല’ – ഇവാൻ ചൂണ്ടിക്കാട്ടി.
‘സത്യത്തിൽ നമ്മൾ ഫുട്ബോൾ കളിക്കുന്നതുതന്നെ ആരാധകർക്കു വേണ്ടിയാണ്. ഈ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ കളിക്കുന്നതുതന്നെ ഒരു സുഖമില്ലാത്ത പരിപാടിയാണ്. ആൾക്കൂട്ടതിനു മുന്നിൽ കളിക്കുന്നതു തന്നെ ഒരു അനുഭവമാണ്. അത് നമുക്ക് രോമാഞ്ചം നൽകും. അധിക ബലം നൽകും. ടീമിനു വേണ്ടി ഈ ജഴ്സിയിൽ പൊരുതാനുള്ള അധിക പ്രചോദനവും നൽകും’ – ഇവാൻ വിശദീകരിച്ചു.
‘കലാശപ്പോരാട്ടത്തിൽ ഈ ആരാധകക്കൂട്ടത്തിനു നടുവിൽ കളിക്കാൻ അവസരം ലഭിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. അവരിൽ പലരും ഇവിടേക്കു പുറപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ചിലർ ഇന്നും നാളെയുമായി എത്തും. ഫറ്റോർഡയിൽ ഞായറാഴ്ച ആരാധകരെ നേരിട്ടു കാണാൻ കാത്തിരിക്കുന്നു. ഇതൊക്കെയാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യം. ആരാധകരെ നേരിട്ടു കാണാനും അവർക്കായി കിരീടം നേടാനും ഞങ്ങൾക്കും ആവേശമുണ്ട്. കാരണം ഒരു കിരീടം ഈ ആരാധകർ അർഹിക്കുന്നുണ്ട്’ – ഇവാൻ പറഞ്ഞു.
Content Highlights: Coach Ivan Vukomanovich invited fans to watch the final
കേറി വാടാ മക്കളെ 👊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022
Aashan and the boys can't wait to welcome you! 💛@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/bh4SfiZC6Z


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !