മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

0
മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് | From the press conference held by the Chief Minister in Delhi

ഞങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടറിയും ഞാനും കൂടിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേള്‍ക്കുകയുണ്ടായി. പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചര്‍ച്ചയാണ് അതുമായി ബന്ധപ്പെട്ട് നടന്നത്. റെയില്‍വെ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാന്‍ പറ്റുക എന്നുള്ളത് ആലോചിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. ഇന്നത്തെ പ്രധാനമന്ത്രിയു മായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

ഔദ്യോഗികമായി റെയില്‍വെ മന്ത്രിയെ കണ്ടില്ലെങ്കിലും അതിനിടക്ക് റെയില്‍വെ മന്ത്രിയെയും കാണാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയോട് സംസാരിച്ചതും പ്രധാനമന്ത്രി അദ്ദേഹവുമായി ബന്ധപ്പെടുമെന്നും സംസാരിക്കു മെന്നും അറിയിച്ചതും അദ്ദേഹത്തോട് പറയാന്‍ കഴിഞ്ഞു. അതിനപ്പുറം ഒരു ചര്‍ച്ചക്ക് അദ്ദേഹവുമായി ഇന്ന് പോയിട്ടില്ല. ഏതായാലും ഈ പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ആക്കാര്യത്തിലുള്ള നന്ദി ഈ രുപത്തില്‍  പ്രധാനമന്ത്രിയെ ഈ ഘട്ടത്തില്‍ അറിയിക്കുകയും ചെയ്യട്ടെ.

നമ്മുടെ നാട് ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവും വേഗത കൂടിയതുമായ ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. നിലവിലെ സംവിധാനങ്ങള്‍ ആധുനിക കാലത്തെ സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ അപര്യാപ്തമാണ്. 

ഉയര്‍ന്ന വാഹന സാന്ദ്രത, വളവുകളുടെ ആധിക്യം, ഭൂപ്രകൃതി കാരണമുള്ള നിരന്തരമായ കയറ്റിറക്കങ്ങള്‍ എന്നിവയെല്ലാം റോഡ് ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. വാഹനാപകടങ്ങളുടെ നിരക്ക് കേരളത്തില്‍ കൂടുതലാണ്. 

പരിസ്ഥിതി സൗഹാര്‍ദ്ദവും ഊര്‍ജ്ജക്ഷമതയും കൈമുതലായ സുസ്ഥിരമായ യാത്രാ സംവിധാനവും ഭാവിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

ഏറ്റവും പ്രധാന പ്രശ്‌നം യാത്രയ്ക്കു വേണ്ടി വരുന്ന അധിക സമയമാണ്. തൊട്ടുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ  റോഡ് ഗതാഗതത്തിന്റെ ശരാശരി വേഗം 40 ശതമാനവും റെയില്‍ ഗതാഗതത്തിന്റെ 
ശരാശരി വേഗം 30 ശതമാനവും കുറവാണ്. 
അതുകൊണ്ടാണ്  യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രത്യേകമായി സംസ്ഥാന 
സര്‍ക്കാര്‍ ഇടപെടുന്നുത്. അതിന്റെ ഭാഗമായാണ് ദേശീയ പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചത്. ഇത് ഇന്ത്യയില്‍ തന്നെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ്.
 
നടക്കില്ലെന്നു പറഞ്ഞ ദേശീയ പാതാ വികസനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എന്‍ എച്ച് 66ന്റെ വികസനത്തിനു വേണ്ട 92 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. 45 മീറ്റര്‍ വീതിയുള്ള ദേശീയ പാത വൈകാതെ കേരളത്തില്‍ യഥാര്‍ത്ഥ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധവുമാണ് ഇതിനു വഴിയൊരുക്കുന്നത്. 

കൊല്ലം - കോഴിക്കോട്   328 കിലോമീറ്റര്‍ വരുന്ന  ദേശീയ ജലപാത   കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കി.മീ ദൈര്‍ഘ്യം ദേശീയ ജലപാതാ നിലവാരത്തില്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ കോവില്‍ത്തോട്ടത്ത് ഒരു നടപ്പാലവും, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയില്‍ ഒരു നാവിഗേഷന്‍ ലോക്ക് കം ബ്രിഡ്ജും പുനര്‍ നിര്‍മാണം നടന്നു വരുന്നു. ചവറ കോവില്‍ത്തോട്ടത്ത് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ ജലപാതാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള 160 കി.മീ, ജലപാതാ നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) ദേശീയ ജലപാതാ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും. കൂടാതെ മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന ജലപാതയുടെ പൊന്നാനി ചേറ്റുവ കനാലിന്റെ തുടക്കഭാഗമായ വെളിയംകോട് ഭാഗത്ത് നബാര്‍ഡിന്റെ ധനസഹായത്തോടെ ഒരു 
നാവിഗേഷന്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മ്മാണത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 

കോവളം മുതല്‍ വര്‍ക്കല വരെ കനാല്‍ വികസനവുമായി ബന്ധപ്പെട്ട്കു ടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ  ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 

കോഴിക്കോട് ബേക്കല്‍ ജലപാതയില്‍  കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി  1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പിലാക്കുന്നതിന് തത്വത്തിലുള്ള അനുമതി നല്‍കിയിട്ടുണ്ട്. മാഹി-വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കി.മീ കനാല്‍ പുതുതായി നിര്‍മ്മിക്കേണ്ടി വരും.  ഇതിന്  സ്ഥലം ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. നീലേശ്വരം ബേക്കല്‍ ഭാഗത്തും 6.5 കി.മീ കനാല്‍ പുതുതായി നിര്‍മ്മിക്കേണ്ടി വരും. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 189 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. 

പാര്‍വ്വതീ പുത്തനാര്‍ ഭാഗത്തെ ഫ്‌ളാറ്റ് മോഡല്‍ പുനരധിവാസത്തിനുള്ള ചുമതല കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനെ  ഏല്‍പ്പിച്ചിട്ടുണ്ട്.  

എല്ലാ തലത്തിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നുണ്ട്.  മുന്‍പ് ജലരേഖ എന്ന് ചിലര്‍ വിശേഷിപ്പിച്ച ഈ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപയോഗ യോഗ്യമായ ജലപാതയായി അടുത്തു തന്നെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ഇതടക്കം ഗതാഗതം സുഗമമാക്കാന്‍  സാധ്യമായ എല്ലാ മാര്‍ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആരായുകയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. 

ഇപ്പോള്‍ തിരുവനന്തപുരം കാസര്‍കോട് യാത്രയ്ക്ക്  12 മുതല്‍ 13  മണിക്കൂര്‍ വരെ വേണം. റോഡ് മാര്‍ഗമായാലും റെയില്‍ മാര്‍ഗമായാലും ഇതാണാവസ്ഥ.  ആ യാത്രാ സമയം  4 മണിക്കുര്‍ മാത്രമായി കുറയ്ക്കാന്‍ സില്‍വര്‍ ലൈന്‍  പദ്ധതിക്ക് കഴിയും. 

ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമെന്ന നിലയ്ക്ക് ഇതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.  

പരിസ്ഥിതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.   2050 ഓടെ കേരളത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.  അത് മുന്‍നിര്‍ത്തിക്കൂടിയാണ്   വര്‍ധിച്ച  അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന റോഡ്ഗതാഗതത്തില്‍ നിന്ന് റെയില്‍ ഗതാഗതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.  അതിന് ഉതകുന്ന പദ്ധതിയായി സില്‍വര്‍ ലൈനിനെ തെരഞ്ഞെടുത്തത് റെയില്‍വെ മന്ത്രാലയവുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍  മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ പണിതുകൊണ്ട് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേ?ഗത്തിലുള്ള യാത്ര ഒരുക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. 

പദ്ധതിക്കു കണക്കാക്കുന്ന  ആകെ ചെലവ് 63,941 കോടി രൂപയാണ്. ജൈക്ക, എ ഡി ബി, എ ഐ ഐ ബി, കെ എഫ് ഡബ്ല്യു എന്നിവയില്‍ നിന്ന് ബാഹ്യസഹായമായ 33,700 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് മുന്നോട്ട് നീക്കുന്നത്. ജൈക്കയുടെ റോളിങ് പ്ലാനില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരിയായി റെയില്‍ വേയില്‍ നിന്ന് 3,125 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന്  3,253 കോടി രൂപയും പൊതുജനങ്ങളില്‍ നിന്ന് 4,252 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 13,362 കോടി രൂപ ഹഡ്‌കോ, കിഫ്ബി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയാണ് വഹിക്കുക.

വിദേശത്തു നിന്ന് കടമായി ലഭിക്കേണ്ട 33,700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തികകാര്യ വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ആ അപേക്ഷയിന്‍ മേല്‍ നീതി ആയോഗ്, ധനവ്യയ വകുപ്പ്, റെയില്‍വെ മന്ത്രാലയം എന്നിവ ശുപാര്‍ശ നടത്തിയിട്ടുണ്ട്. 2018ല്‍ തന്നെ ഇത് ജൈക്കയുടെ ഒഫീഷ്യല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്റ്‌സില്‍ (ഒഡിഎ) ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ  മുഴുവന്‍ ചെലവായ 13,700 കോടി രൂപയും വിദേശ കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട  ബാധ്യതയുംണ്ടെങ്കില്‍ അതും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അം?ഗീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഉള്‍പ്പെടെ പദ്ധതിയുടെ ഇന്‌റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ 13.55 ശതമാനമാണ്. അതുകൊണ്ട് തന്നെ റെയില്‍വെ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ധാരണ പ്രകാരം ഈ പദ്ധതി അതിജീവന ക്ഷമതയുള്ളതും വിജയകരമായി നടപ്പാക്കാനാവുന്നതുമാണ്. 

2020 സെപ്തംബര്‍ 22 ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അയച്ച കത്തില്‍ പറയുന്നത്  'പദ്ധതിയുമായി ബന്ധപ്പെട്ട നിക്ഷേപത്തിനു മുന്നോടിയായുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കാനുള്ള ഇന്‍ പ്രിന്‍സിപ്പിള്‍ അപ്രൂവല്‍ (തത്വത്തിലുള്ള അം?ഗീകാരം) 17.12.2019 ല്‍ കേരളാ റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ അറിയിച്ചിട്ടുണ്ട്. അനുമതിക്കായി കെ ആര്‍ ഡി സി എല്‍ സമര്‍പ്പിച്ചിട്ടുള്ള ഡി പി ആര്‍ റെയില്‍വെ ബോര്‍ഡിന്റെ പരിശോധനയിലാണ്.' എന്നാണ്. 

 ഡി പി ആറുമായി ബന്ധപ്പെട്ട് ബോര്‍ഡ് ആവശ്യപ്പെട്ട വ്യക്തതകള്‍ വരുത്തിയിട്ടുണ്ട്. 2021 ജനുവരി 15ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അയച്ച കത്തില്‍ പദ്ധതിയ്ക്ക് ധനലഭ്യത ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട പാക്കേജുകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഏജന്‍സിക്കും സംസ്ഥാന സര്‍ക്കാരിനും ജൈക്കയുമായി ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. 

എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആകെയുള്ള 530.45 കിലോമീറ്ററില്‍ 88.4 കിലോമീറ്റര്‍ വയ ഡക്റ്റും (ഭൂതലത്തില്‍ നിന്നും ഉയര്‍ത്തിയ ദീര്‍ഘ പാലങ്ങള്‍)  13 കിലോമീറ്റര്‍ 
പാലവും 11.5 കിലോമീറ്റര്‍ തുരങ്കവും ആണ്. പരിസ്ഥിതി സംരക്ഷിക്കാനാണ് പാത ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി സില്‍വര്‍ലൈന്‍  കടന്നു പോകുന്നില്ല. ഹൈഡ്രോളജിക്കല്‍ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ ജലാശയങ്ങളുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍  ഓവുചാലുകളും  പാസേജുകളും ഒരുക്കും. ഡി പി ആര്‍ തയ്യാറാക്കിയ ഘട്ടത്തില്‍ തന്നെ ദ്രുത പാരിസ്ഥിതി  ആഘാത പഠനം നടത്തിയിരുന്നു. ശബ്ദം, പ്രകമ്പനം എന്നിവയുള്‍പ്പെടെ വിശകലനം ചെയ്യുന്ന വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുകയും ചെയ്യും. 

റോഡ് നിര്‍മാണത്തിന് വേണ്ടി വരുന്നതില്‍ 
കുറവ് സാമഗ്രികള്‍ മാത്രമെ ഈ പദ്ധതിക്ക് വേണ്ടി വരികയുള്ളു. അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. റോഡുകളായാല്‍ അവ അടിക്കടി നവീകരിക്കേണ്ടിയും വിപുലീകരിക്കേണ്ടിയും വരും.  ഇതില്‍ അത്തരം പ്രശ്‌നവും ഉണ്ടാകുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. 

 100 ശതമാനം ഹരിതോര്‍ജ്ജം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സില്‍വര്‍ലൈന്‍. ആരംഭ വര്‍ഷത്തില്‍ തന്നെ  530 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും ഇത് സഹായിക്കും.  

ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ ഇപ്പോഴുള്ള എല്ലാ റോഡുകളിലും ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍ ബ്രിഡ്ജുകളോ സബ് വേകളോ പണിയും. ഇതിനു പുറമേ പ്രദേശ വാസികളുടെ സൗകര്യാര്‍ത്ഥം ഓരോ 500 മീറ്ററിലും ഇടനാഴികള്‍ ഒരുക്കും.

സില്‍വര്‍ലൈനിലെ റോള്‍ ഓണ്‍ റോള്‍ ഓഫ് സര്‍വ്വീസ് ഉപയോ?ഗിച്ച് ഓരോ ദിവസവും 480 ട്രക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കും. 

സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിനായി തിരുവനന്തപുരത്തിനും കാസര്‍?കോടിനും ഇടയിലുള്ള 540 കിലോമീറ്റര്‍ നീളത്തില്‍ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളുടെ നിര്‍മാണം ആരംഭിക്കാന്‍ തത്വത്തില്‍ അം?ഗീകാരം (ഇന്‍ പ്രിന്‍സിപ്പിള്‍ അപ്രൂവല്‍) നല്‍കി  2019 ഡിസംബര്‍ 17 റെയില്‍വേ മന്ത്രാലയം കത്തയച്ചിരുന്നു. എത്രത്തോളം റെയില്‍വെ ഭൂമി പദ്ധതിക്കായി വേണ്ടിവരും എന്നത് തിട്ടപ്പെടുത്താനുള്ള ജോയിന്റ് സര്‍വ്വേപുരോഗമിക്കുകയാണ്. 

2021 ജനുവരി 15ലെ കേന്ദ്ര ധനമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്  ഭൂമി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നത്. 

9,394 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. അതിന്റെ ഉടമസ്ഥര്‍ക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും വേ?ഗത്തില്‍ തന്നെ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനം നടത്താന്‍ വേണ്ടിയുള്ള സര്‍വ്വേയാണ്. ആരുടെയൊക്കെ ഭൂമിയും വീടും നഷ്ടപ്പെടും എന്ന് കണ്ടെത്താനാണിത്. 

ഡിപിആര്‍ തയ്യാറാക്കുന്നതിനു മുന്നോടിയായി നിരവധി സര്‍വേകളും പഠനങ്ങളും നടത്തിയിരുന്നു.  ജിയോടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ടോപ്പോഗ്രാഫിക് സര്‍വേ, ട്രാഫിക് സര്‍വേ, ദ്രുത പാരിസ്ഥിതിഘാകാത പഠനം, കെ.എസ്.ആര്‍.ഇ.സിയില്‍ നിന്നും ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ  വിവിധ വശങ്ങള്‍ പരിശോധിക്കുന്ന 
വളരെ വിപുലമായ പഠനങ്ങള്‍ എന്നിവ നടന്നു. അലൈന്‍മെന്റ് കണ്ടെത്താന്‍ വേണ്ടിയാണ് ലിഡാര്‍ സര്‍വ്വേ. അതുവഴി ഈ അലൈന്‍മെന്റിലൂടെ 
കടന്നു പോകുന്ന ഭൂമിയും കെട്ടിടങ്ങളും കണ്ടെത്തി.  എന്നാല്‍ ഈ ഭൂമിയും കെട്ടിടങ്ങളും ആരുടേതാണെന്ന് കണ്ടെത്താന്‍ ലിഡാര്‍ സര്‍വ്വേവഴി കഴിയില്ല. അതിന് സാമൂഹിക ആഘാത പഠനം നടത്തണം. അത് നടത്താന്‍ വേണ്ടിയുള്ള സര്‍വ്വേയാണ് ഇപ്പോള്‍ നടത്തുന്നത്. ഇതൊരിക്കലും ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയുള്ള സര്‍വ്വേയല്ല.

ഈ സര്‍വ്വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. ഇതിന്റെ ഭാഗമായി തയ്യാറാക്കുന്ന സാമൂഹിക അഘാത പഠനവും കഴിഞ്ഞു മാത്രമേ  ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയുള്ളൂ. അതിലേക്ക് വരുമ്പോള്‍ എല്ലാവരെയും വിളിച്ച് അവര്‍ക്ക് നഷ്ടപ്പെടുന്ന കെട്ടിടങ്ങളും മറ്റും വിലയേക്കാള്‍ കൂടുതല്‍ നല്‍കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.

സില്‍വര്‍ലൈന്‍ പദ്ധതി നാഷണല്‍ റെയില്‍ പ്ലാനിന്റെ ഭാഗമാണ്. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പദ്ധതികള്‍ 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. 
അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭ്യമാക്കിയാല്‍ പണികള്‍ താമസം കൂടാതെ ആരംഭിക്കാന്‍ കഴിയും. 

നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനില്‍ ഈ റെയില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ  ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇന്നത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചത്. 

കൂടുതല്‍ വേഗത്തില്‍ യാത്ര സാധ്യമാകണം എന്നത് നാടിന്റെയാകെ ആവശ്യമാണ്. 
ഹൈ  സ്പീഡ് റെയില്‍ കോറിഡോറിനായുള്ള നിര്‍ദ്ദേശം ആദ്യം അവതരിപ്പിക്കപ്പെട്ടത് 2009-10 ലെ കേരള ബജറ്റിലായിരുന്നു. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയെ നിയോഗിക്കുകയും 2012ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഡിപിആര്‍ 2016 ജൂണിലാണ് സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സബര്‍ബന്‍ റെയിലിനായുള്ള ഡിപിആര്‍ തയ്യാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും അവര്‍ തയ്യാറാക്കിയ ഡിപിആര്‍ കേരള സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന്റേ അനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തു. റെയില്‍വേ മന്ത്രാലയം 2017ല്‍ ഈ നിര്‍ദ്ദേശം തിരസ്‌കരിച്ചു.  ഇന്റര്‍സിറ്റി യാത്രക്കായി രണ്ട് ലൈനുകള്‍ കൂടി നിര്‍മ്മിക്കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ എന്ന ആശയത്തിന്റെ ഉത്ഭവം അവിടെയാണ്.

യു ഡി എഫ് കാലത്ത് മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല. തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ട് കാസര്‍കോട്ട് നിര്‍ത്തിയാല്‍ പോരല്ലോ - നമുക്ക് കൂടുതല്‍ സ്‌റ്റോപ്പുകള്‍ വേണം. അതിന്അ നുയോജ്യം അര്‍ധ അതിവേഗ റെയിലാണ്.

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ആവശ്യമില്ല. EIA Notification S.O. 1533(E) dated 14th September, 2006 പ്രകാരം ഇന്ത്യയിലെ റെയില്‍വേ മേഖലയെ അതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 വരുമാനത്തിന്റെ 95 ശതമാനവും ടിക്കറ്റ് വില്‍പനയില്‍ നിന്നുമാണ്  പ്രതീക്ഷിക്കുന്നത്. കാറ്ററിംഗ് ലൈസന്‍സ് ഫീ, കിയോസ്‌കുകളുടെ വാടക, ടൂറിസ്റ്റ് ട്രെയിനുകളുടെ ലീസ് ചാര്‍ജുകള്‍, മറ്റു നികുതികളില്‍ നിന്നും തീരുവകളില്‍ നിന്നും ഈടാക്കുന്ന ലെവികള്‍ തുടങ്ങിയവയില്‍ നിന്നും 3 ശതമാനവും, മറ്റു അനുബന്ധ വികസനത്തില്‍ നിന്നും 2 ശതമാനവും വരുമാനം പ്രതീക്ഷിക്കുന്നു. 

ട്രാഫിക് സര്‍വേ പ്രകാരം കേരളത്തില്‍ ഒരു ദിവസം 150 കിലോമീറ്ററിലും അധികം ദൂരം യാത്ര ചെയ്യുന്നത് 1,58,271 കാര്‍/ടാക്‌സി യാത്രികരും, 88,442 ബസ് യാത്രക്കാരും 91,975 റെയില്‍ യാത്രികരുമാണ്. സില്‍വര്‍ലൈന്‍ പ്രതീക്ഷിച്ചതു പോലെ പൂര്‍ത്തിയായാല്‍ 2025-26 വര്‍ഷത്തില്‍ ഒരു ദിവസം 79,934 മുതല്‍ 1,14,764 വരെ യാത്രകള്‍ക്കായി ട്രിപ്പുകള്‍ അതുപയോഗിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2029-30 വര്‍ഷമാകുമ്പോഴേയ്ക്കും അത് 94,672 മുതല്‍ 1,39,164 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ആദ്യഘട്ടത്തില്‍ തന്നെ ഏകദേശം 48000 ആളുകള്‍ സില്‍വര്‍ലൈനിലേക്ക്  മാറുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

റോഡ് യാത്രികരില്‍ ഒരു വലിയ വിഭാഗം സില്‍വര്‍ലൈന്‍ ഉപയോഗിക്കുന്നതോടെ വാഹനങ്ങളുടെ ഉപയോഗം കുറയുകയും കാര്‍ബണ്‍ ബഹിര്‍ഗമനം  കുറയുകയും ചെയ്യുന്നു. കാര്‍ബണ്‍ ഫൂട്ട്പ്രിന്റില്‍ 2025 ആകുമ്പോള്‍ 2.88 ലക്ഷം ടണ്ണും 2052 ആകുമ്പോഴേക്കും 5.95 ലക്ഷം ടണ്ണും കുറവുണ്ടാക്കാന്‍ ഈ പദ്ധതി സഹായകമാകും. 

നാഷണല്‍ ഹൈവേയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ അളവു ഭൂമിയും പ്രകൃതിവിഭവങ്ങളും മാത്രമാണ് സില്‍വര്‍ലൈന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത്. 

നിര്‍മ്മാണ ഘട്ടത്തില്‍ 50,000 തൊഴിലവസരങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ആദ്യഘട്ടത്തില്‍ 11000 തൊഴിലവസരങ്ങളും പ്രത്യക്ഷത്തില്‍ സൃഷ്ടിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ സാധിക്കും. ലക്ഷക്കണക്കിനു തൊഴിലുകള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും. 

ടൂറിസം, ഐടി തുടങ്ങിയ മേഖലകളുടെ വികസനത്തില്‍ സില്‍വര്‍ലൈനിനു വലിയ പങ്കുവഹിക്കാന്‍ സാധിക്കും.

കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമായ ഈ പദ്ധതിയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. 

ആവര്‍ത്തനം ഉണ്ടെങ്കില്‍ പോലും ചിലത് ഊന്നിപ്പറയേണ്ടതുണ്ട്. കേരള റെയില്‍ ഡെവലപ്‌മെന്റ് കമ്പനി എന്ന കെറെയില്‍ കമ്പനി രൂപീകരിക്കാന്‍ കേരള സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള എം ഒ യു ഒപ്പിടുന്നത് 2016 ജനുവരി 1 നാണ്. കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ജനുവരി 3 നാണ്. 

2017 ഒക്ടോബര്‍ 27 നാണ് അന്നത്തെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും ദക്ഷിണ റെയില്‍വേ / ഐ സി എഫ് ജനറല്‍ മാനേജര്‍ സുധാന്‍ശു മണിയും തിരുവനന്തപുരത്തു വന്ന് കണ്ടത്. തിരുവനന്തപുരത്തിനും 
കാസര്‍ഗോഡിനും ഇടയില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ ഇടാനുള്ള തീരുമാനം ഉണ്ടായത് അന്നാണ്. 

30.12.2017 ന് ഒരു പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ട് കെ റെയില്‍ കമ്പനി   റെയില്‍വേ മന്ത്രാലയത്തിനു അയച്ചു കൊടുക്കുകയും അതില്‍ വിശദമായ 
പഠനം നടത്തി സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.   അതു പ്രകാരം  റിപ്പോര്‍ട്ട്/ഡിപിആര്‍ നടത്തുന്നതിനുള്ള ജനറല്‍ കണ്‍സള്‍ട്ടന്റായി ഗതാഗത മേഖലയിലെ കണ്‍സള്‍ട്ടന്റായ സിസ്ട്രയെ നിയമിച്ചു.

സെമി ഹൈസ്പീഡ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രായോഗിക റിപ്പോര്‍ട്ടുകള്‍ റെയില്‍വേ മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയും 17.12.2019 ന് റെയില്‍വേ മന്ത്രാലയം നിക്ഷേപ മുന്നൊരുക്കത്തിനുള്ള പ്രവൃത്തികള്‍ ആരംഭിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തതാണ്. 17.06.2020 ന് സിസ്ട്ര തയ്യാറാക്കിയ ഡിപിആര്‍ കേരള സര്‍ക്കാര്‍ അംഗീകരിക്കുകയും കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ പദ്ധതി ദേശീയ റെയില്‍ ആസൂത്രണത്തില്‍ 
ഉള്‍പ്പെടുത്തുകയും ചെയ്തു. 2021 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ ദേശീയ റെയില്‍ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തിയെന്നും 2030 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞു. 

പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുകയില്‍ മുഖ്യ പങ്ക് വിദേശ ബാങ്കുകളില്‍ നിന്ന് വായ്പയായി കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഇവിടെ കൃത്യമായി പറയാനുള്ള ഒരു കാര്യം, ഒരാളെയും ദ്രോഹിച്ചു കൊണ്ട് ഈ പദ്ധതി നടപ്പാക്കുന്നില്ല എന്നതാണ്. 

ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിക്ക് ഏറ്റവും നല്ല നിലയിലുള്ള നഷ്ടപരിഹാരം ലഭ്യമാക്കും. ഈ പദ്ധതി മൂലം ഒരാള്‍ പോലും കിടപ്പാടമില്ലാത്തവരായി മാറില്ല. സ്വന്തം വീട് വിട്ടു കൊടുക്കേണ്ടിവരുന്നവര്‍ക്ക് വീടും ജീവനോപാധിയും സര്‍ക്കാര്‍ ഉറപ്പാക്കും. നഷ്ട പരിഹാരത്തിന് അനിശ്ചിതത്വമുണ്ടാകില്ല. അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം നടക്കുന്ന ആളുകളോട് ഒരു കാര്യമേ പറയാനുള്ളു. ജനങ്ങള്‍ ഇക്കാര്യമെല്ലാം തിരിച്ചറിയുന്നുണ്ട്. 

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചിട്ടുള്ളത്. ഇതിന് പ്രധാന കാരണം 
സര്‍ക്കാര്‍ നടത്തിയ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ്. അതു മനസ്സിലാക്കിയാണ്  അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്ന  നിലപാട്  സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ലെന്ന ചിന്തയാണവര്‍ക്ക്. 
 
 ഗെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ ആദ്യ ഘട്ടത്തില്‍ ഉണ്ടാക്കിയത്   ഓര്‍ക്കണം.  വസ്തുതകള്‍ ബോധ്യപ്പെട്ടതോടെ പ്രക്ഷോഭം നയിച്ചവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിലും ഇതേ അനുഭവമാണ്  ഉണ്ടായത്. വൈകാരികമായ  വ്യാജ  പ്രചാരണങ്ങളില്‍  തെറ്റിദ്ധരിക്കപ്പെട്ട്  വികസന  വിരുദ്ധ സമരത്തിനിറങ്ങിയവര്‍  പിന്നീട്  വസ്തുത  മനസ്സിലാക്കിയും യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍  അനുഭവിച്ചറിഞ്ഞും  നിലപാട്  മാറ്റി. അത് നമ്മുടെ നാടിന്റെ ആകെ അനുഭവമാണ്. മനഃപൂര്‍വ്വം വിവാദം ഉണ്ടാക്കുന്നവര്‍ക്ക് അറിയാത്ത യാഥാര്‍ഥ്യങ്ങള്‍  നാട്ടിലെ ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. 

നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി അട്ടിമറിക്കാന്‍  ഒരു മറയുമില്ലാതെ പ്രതിപക്ഷം രംഗത്തിറങ്ങുകയാണ്. വ്യാജ പ്രചാരണമാണ് നടത്തുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു രംഗത്തിറക്കുകയാണ്. ചിലരെ ശട്ടം കെട്ടി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിനായി ഒരു വിചിത്ര സഖ്യം തന്നെ രൂപം കൊണ്ടിരിക്കുന്നു. 

ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതിന് നേരായകാര്യങ്ങള്‍ നാടിനെ അറിയിക്കാന്‍ ബാധ്യതപ്പെട്ട ഏതാനും മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നു, സമരത്തിന് അതിവൈകാരികതയും അസാധാരണവും അമിതവുമായ  പ്രാധാന്യവും  നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍  ഇത്തരം മാധ്യമങ്ങള്‍ പങ്കു വഹിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പുതുമയല്ല. ഇത്തരം ആക്രമണങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ച് ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു ശരിയായനില സ്വീകരിച്ചിട്ടുണ്ട്. എന്നാലും അഭ്യര്‍ത്ഥിക്കുകയാണ്, അര്‍ദ്ധ സത്യങ്ങളും അതിശയോക്തി നിറഞ്ഞതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണംകേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട്  നല്ലതിനോ എന്ന്  സ്വയം പരിശോധിക്കാന്‍ അത്തരം മാധ്യമങ്ങള്‍ തയ്യാറാവണം.

സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അത്  ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഈ തലമുറയ്ക്ക് മാത്രമുള്ളതല്ല വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും ഇതാവശ്യമാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണത്. രാഷ്ട്രീയമായ പേടിയോ സ്വാര്‍ത്ഥ-സങ്കുചിത വിചാരങ്ങളോ കൊണ്ട് നാടിന്റെ പുരോഗതിക്ക് തടയിടരുതെന്നു മാത്രമാണ് ഇത്തരം ശക്തികളോട് ഓര്‍മ്മിപ്പിക്കാനുള്ളത്. 

 വികസനം നടപ്പിലാക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത്  പ്രധാനകടമയായാണ് സര്‍ക്കാര്‍ കാണുന്നത്. 
അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന്  ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. വികസനവും പുനരധിവാസം ഉറപ്പുവരുത്തിക്കൊണ്ട് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടുകൂടി ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുന്ന വികസന വിരുദ്ധ-വിദ്രോഹ സഖ്യത്തെ തുറന്നു കാട്ടിത്തന്നെ മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിക്കുക.
Content Highlights: From the press conference held by the Chief Minister in Delhi
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !