നീതിക്കായുള്ള പോരാട്ടം എളുപ്പമല്ലെന്നറിയാം, എങ്കിലും ആത്മാഭിമാനത്തിനുവേണ്ടി ആ പോരാട്ടം തുടരും. ഞാൻ ഇര അല്ല, അതിജീവിതയാണ്’– 5 വർഷമായി താൻ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും കടന്നുപോയ വെല്ലുവിളികളെപ്പറ്റിയും പീഡിപ്പിക്കപ്പെട്ട നടി വെളിപ്പെടുത്തി.
‘കഴിഞ്ഞ 5 വർഷത്തെ യാത്ര കഠിനമായിരുന്നു, ഇപ്പോഴും പേടിയുണ്ട്, എങ്കിലും പോരാട്ടം തുടരും’, അവർ പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ചു മാധ്യമ പ്രവർത്തക ബർഖ ദത്ത്, ‘വി ദ് വിമൻ ഏഷ്യ ’ കൂട്ടായ്മയോടൊപ്പം ചേർന്നു നടത്തിയ ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിലാണു നടി ഇതുവരെയുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ‘ദ് വീക്ക്’ ആണു പരിപാടിയുടെ മീഡിയ പാർട്‌ണർ.
സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ വേദനിപ്പിച്ചു. താനുണ്ടാക്കിയ നാടകമാണ് കേസെന്നു പോലും പറഞ്ഞവർ ഉണ്ട്.
ചിലർ എന്തിനു ജീവിക്കുന്നു, മരിച്ചു കൂടെ എന്നും ചോദിച്ചു? വേദനിപ്പിച്ച പല കമന്റുകളും ഉണ്ടായി. സംഭവത്തിനു ശേഷം പലരും പേരു വെളിപ്പെടുത്തി മാധ്യമങ്ങളിലൂടെ മോശമായ അഭിപ്രായപ്രകടനം നടത്തി. രാത്രിയിൽ യാത്ര ചെയ്തത് എന്തിനെന്നു പോലും ചിലർ ചോദിച്ചു. സംഭവം നടന്നത് രാത്രി 7 മണിക്കാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരമായി ആക്രമിക്കപ്പെട്ടപ്പോൾ ഒരു ഘട്ടത്തിൽ കേസിൽ നിന്നു പിന്മാറുന്നതിനെക്കുറിച്ചു പോലും ആലോചിച്ചു.
കുടുംബത്തെയടക്കം അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായി. സംഭവത്തിനു മുൻപും ശേഷവും മലയാള സിനിമയിൽ അവസരങ്ങൾ നിഷേധിച്ചു. 15 ദിവസത്തെ വിചാരണക്കാലത്ത് ഒറ്റപ്പെട്ടു. കോടതി നടപടികളിലൂടെ കടന്നുപോവുകയെന്നത് ദുഷ്ക്കരമാണ്. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ ദിനങ്ങളായിരുന്നു അത്.
കോടതി നടപടികൾക്കു ശേഷം പുറത്തു വന്നപ്പോഴാണ് അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. എനിക്കു വേണ്ടി മാത്രമല്ല, സ്ത്രീകളുടെ അന്തസ്സിനു വേണ്ടിയാണു പോരാടുന്നത്. ഇരയല്ലെന്ന തിരിച്ചറിവ് ഉണ്ടായ ശേഷമാണ് എന്താണു സംഭവിച്ചതെന്ന് സമൂഹമാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.
കുടുംബവും സുഹ്യത്തുക്കളും ധൈര്യം നൽകി. വിവാഹശേഷം ഭർത്താവിന്റെയും പൂർണ പിന്തുണയുണ്ടായി. സുഹൃത്തുക്കളായ പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ഷാജി കൈലാസ്, ഭദ്രൻ തുടങ്ങിയവർ പിന്തുണ അറിയിച്ചു മലയാള സിനിമയിൽ അവസരം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ മൗനം പാലിച്ച സഹപ്രവർത്തകരുമുണ്ട്.
മലയാള ചലച്ചിത്രമേഖലയിലേക്ക് തിരിച്ചുവന്ന് ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കാൻ മടിയായിരുന്നു. മനസ്സമാധാനത്തിനു വേണ്ടിയാണ് 5 വർഷം മലയാള സിനിമയിൽ നിന്ന് മാറിനിന്നത്. പകരം മറ്റു ഭാഷകളിൽ അഭിനയിച്ചു. ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ കേൾക്കുന്നുണ്ട്. ഡബ്ല്യുസിസിയാണു ധൈര്യം നൽകി കൂടെ നിന്നത്. കോടതി നടപടികൾ തുടരുന്നതിനാൽ ചില കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും നടി വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !