തിരുനാവായ: ഉസ്താദ്, കവി, ഗാനരചയിതാവ്, പാലിയേറ്റീവ് സന്നദ്ധ സേവകൻ, മത, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ സ്വജീവിതത്തെ ധന്യമാക്കിയ വെട്ടൻ ഹംസത്ത് മൗലവി (75 വയസ്സ്) ഐഹിക കർമ്മ വീഥിയിൽ നിന്ന് വിടവാങ്ങി.
ഒരു ഡസനിലേറെ മദ്റസകളിൽ ആറ് ദശാബ്ധക്കാലം മതാബോധനം നടത്തി തലമുറകളുടെ പ്രിയപ്പെട്ട ഉസ്താദിൻ്റെ ഏറ്റവും വലിയ സമ്പാദ്യം ശിഷ്യഗണങ്ങളായിരുന്നു. അൽ മദ്റസത്തുൽ ഇസ്ലാമിയ കണ്ണൂർ, മദ്രസ്സത്തുൽ ലത്തീഫിയ്യ പരപ്പനങ്ങാടി, ഹയാത്തുൽ ഇസ്ലാം ചാവക്കാട്, മുനവ്വിറുൽ ഇസ്ലാം ഫറോക്ക്, ദാറുൽ ഉലൂം സുൽത്താൻ ബത്തേരി, ഇഹ് യാഉൽ ഇസ്ലാം എടക്കുളം, ഇഹ് ലാമുദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ വടക്കേ പല്ലാർ, ഹിദായത്തുൽ അനാം എടക്കുളം, ഹിദായത്തു സ്വിബ് യാൻ പട്ടർനടക്കാവ്, അൽ മദ്രസ്സത്തുസ്സുന്നിയ്യ തെക്കൻ കുറ്റൂർ, തഹ് ലീമുൽ അത്വ്ഫാൽ മുക്കിലപ്പീടിക, കാട്ടിലങ്ങാടി തുടങ്ങിയ മദ്റസകളിൽ 1962 മുതൽ ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതു വരെ മതാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
മാപ്പിളപ്പാട്ടും കവിതയും ഉദ്ബോധന ഗീതങ്ങളുമായി അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചയിതാവാണ് ഹംസത്ത് മൗലവി. "പത്ത് മാസം ചുമന്നൊരുമ്മ...", "എല്ലാം നമുക്കുണ്ട്; എല്ലാം നമുക്കല്ല...", "കരുണയുടെ ചെപ്പാെന്ന് മക്കൾ തുറന്നാൽ... കാണാം നമ്മൾക്കവിടെ സ്വർഗ്ഗം..." എരഞ്ഞോളി മൂസ പാടി പ്രശസ്തമാക്കിയ ''കെട്ടുകൾ മൂന്നും കെട്ടി... കട്ടിലിൽ നിന്നെയും കേറ്റി..." എന്ന ഗാനമാണ് അവയിൽ കൂടുതൽ ജനകീയം. രോഗബാധിതനായിക്കഴിയുമ്പോഴും അദ്ദേഹം ഗാന രചന നിർവഹിച്ചിരുന്നു. "കാലിൽ നിന്നും വീലിലേക്ക് എത്ര പെട്ടെന്ന് യാത്രയെത്തി. കാലിൻ്റെ മൗനമാം സങ്കടം കണ്ടിട്ട് വീലും കറങ്ങാതെ നിശ്ചലമായ്... " എന്ന് തുടങ്ങുന്ന ജീവിത വണ്ടി എന്ന് ശീർഷകം നല്കിയ ഹ്രസ്വഗാനം താൻ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹംസത്ത് മൗലവി രചിച്ചതാണ്.
പാലിയേറ്റീവ് പരിചരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹംസത്ത് മൗലവിയുടെ ശ്രമഫലമായാണ് തിരുനാവായ ഗ്രാമ പഞ്ചായത്തിൽ പരിരക്ഷ പരിചരണം നല്ല നിലയിൽ തുടക്കം കുറിക്കാനും നിലനിർത്താനുമായത്. തിരുനാവായ, തലക്കാട്, ആതവനാട് പഞ്ചായത്ത് പ്രദേശങ്ങളിലായി വിവിധ പാലിയേറ്റീവ് കെയർ യൂനിറ്റുകൾക്ക് കരുത്തും രോഗികൾക്ക് കരുതലുമായിരുന്ന അദ്ദേഹത്തിൻ്റെ നിസ്തുല സേവനം വിലമതിക്കാനാവാത്തതാണ്. പാലിയേറ്റീവ് വാഹനത്തിൽ രോഗികളുടെ വീട്ടിലെത്തുന്ന ഉസ്താദ് രോഗിയുടെ അവസ്ഥ കണ്ട് പലപ്പോഴും ആരെയും കാത്ത് നില്ക്കാതെ, കയ്യുറ പോലും ധരിക്കാതെ വിസർജ്യങ്ങളടക്കം മാലിന്യങ്ങൾ സ്വന്തം കൈകൾ കൊണ്ട് തന്നെ എടുത്ത് കളഞ്ഞു രോഗിയെ ശുദ്ധിയാക്കാനും പരിചരിക്കാനും മനസ്സ് കാണിച്ചിരുന്നു.
ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പതിപ്പുകളുടെയും സൂക്ഷിപ്പുകാരനായിരുന്നു ഹംസത്ത് മൗലവി. ചോള സാമ്രാജ്യകാലം മുതൽ ബ്രിട്ടീഷ് ഭരണകാലമടക്കം ഇതു വരെയുള്ള നാണയങ്ങൾ, കറൻസികൾ, പ്രഭാഷണ ശബ്ദരേഖകൾ, ഫത്ഹുൽ മുഈനിൻ്റെ കൈയ്യെഴുത്തുപ്രതി, 60 വർഷം മുമ്പ് മുതലുള്ള വോട്ടർ പട്ടികകൾ, സവിശേഷ ദിനങ്ങളിലെയും നേതാക്കന്മാരുടെ മരണവാർത്തകളും കൗതുക വാർത്തകളുമടങ്ങിയ പത്രങ്ങൾ മുതലായവ അദ്ദേഹത്തിൻ്റെ സ്വകാര്യ ചരിത്ര ശേഖരത്തിലുണ്ട്. ചെറിയ രീതിയിൽ വീട്ടിൽ ആരംഭിച്ച ചരിത്ര- പുരാവസ്തുക്കളുടെ ശേഖരണം ധാരാളമായപ്പോൾ ഹംസത്ത് മൗലവി കുത്ത്കല്ലങ്ങാടിയിൽ ഒരു മുറി വാടകയ്ക്ക് എടുത്ത് വിപുലമാക്കാൻ ശ്രമിക്കുകയുണ്ടായി.
സുന്നി യുവജന സംഘത്തിൻ്റെ പഞ്ചായത്ത് തല മുന്നണി പ്രവർത്തകനായിരുന്നു അദ്ദേഹം. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് തിരുനാവായ പഞ്ചായത്ത് കമ്മറ്റിയിൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിൽ നിരവധി കാലം രാഷ്ടീയ പൊതുപ്രവർത്തനം നടത്തിയ അദ്ദേഹം 1995 ൽ പഞ്ചായത്തംഗമായും സേവനം ചെയ്തിട്ടുണ്ട്.
വെട്ടൻ കുഞ്ഞിതു - പാത്തുണ്ണി ദമ്പതികളുടെ മൂന്നാമത്തെ മകനായി 1947 ൽ ജനിച്ച ഹംസത്ത് മൗലവി പ്രഗത്ഭ പണ്ഡിതനും അമ്മാവനുമായിരുന്ന മാണൂർ കോയ ഹാജി, പുതുപ്പറമ്പ് വഹ്ശി മുഹമ്മദ് മുസ് ലിയാർ തുടങ്ങിയവരുടെ അരികിൽ നിന്നാണ് ദർസ് പഠനം നിർവ്വഹിച്ചത്. സമസ്തയുടെ പ്രഥമ ഖാരിഹ് മർഹും എ. കെ കുഞ്ഞറമുട്ടി മുസ്ലിയാർ, ഖാരിഹ് ഹസൻ മുസ് ലിയാർ എന്നിവരിൽ നിന്ന് സ്വായത്തമാക്കിയ തജ് വീദ് പാഠങ്ങൾ തൻ്റെ വിദ്യാർത്ഥികൾക്ക് പകർന്ന് നല്കുന്നതിൽ അദ്ദേഹം അതീവ തത്പരനായിരുന്നു.
സർഗ്ഗസമ്പന്നമായ ജീവിതത്തിലെ ഓരോ നിമിഷവും ഗ്രന്ഥപാരായണത്തിനും സാഹിത്യരചനയ്ക്കും ആതുരസേവനത്തിനും പൊതുജന സേവനത്തിനുമായി നീക്കിവച്ച ഹംസത്ത് മൗലവി തിരക്കുകൾക്കിടയിലും കുടുംബത്തിനും കൂട്ടുകാർക്കും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ വേണ്ടുവോളം സമയം കണ്ടെത്തിയിരുന്നു.
ഭാര്യ: സക്കീന നരിപ്പറമ്പ് മക്കൾ: റഹ് മത്ത്, ഹബീബ് മാസ്റ്റർ, നസീബ,
നജീബ്, അലി അക്ബർ, അലി അസ്ഗർ (മൂവരും യു.എ.ഇയിൽ), സുമയ്യ, ഹബീബ, മിഖ്ദാദ് വാഫി, മിസ്ഹബ്. മരുമക്കൾ: മൊയ്തീൻ ഒതുക്കുങ്ങൽ, സുമീറ ടീച്ചർ കുറ്റൂർ, ഖൈറുന്നിസ പുത്തനത്താണി, ഹനീഫ കുറുമ്പത്തൂർ, ഹസീന പട്ടർനടക്കാവ്, ഷറീന മറ്റത്തൂർ, അമീർ കൊടക്കൽ, സൈഫുദ്ദീൻ കന്മനം, അദീബ ഊരോത്ത് പള്ളിയാൽ
✍🏻 കമറുദ്ദീൻ പരപ്പിൽ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !