ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറിയോടെ ജോസ് ബട്‌ലർ ക്ലാസ് പ്രകടമാക്കിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 23 റൺസിനു കീഴടക്കിയ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. സ്കോർ– രാജസ്ഥാൻ: 20 ഓവറിൽ 193–8; മുംബൈ 20 ഓവറിൽ 170–8. ടോസ് മുംബൈ. സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ 2–ാം ജയമാണിത്. ഇഷൻ കിഷൻ – തിലക് വർമ സഖ്യം തകർത്തടിച്ചതോടെ കളി കൈവിട്ടെന്നു തോന്നിച്ചെങ്കിലും അവസരത്തിനൊത്ത് ഉയർന്ന രവിചന്ദ്രൻ അശ്വിൻ– യുസ്‌വേന്ദ്ര ചെഹൽ സ്പിൻ സഖ്യത്തിന്റെ പ്രകടനം രാജസ്ഥാൻ വിജയത്തിൽ നിർണായകമായി.
30–ാം വയസ്സിലെ വിരമിക്കൽ; ‘എന്റെ ഫിറ്റ്‌നെസ് മോശമായിരുന്നു’: തുറന്നുപറഞ്ഞ് രജപക്സ
ക്യാപ്റ്റൻ രോഹിത് ശർമ (5 പന്തിൽ ഒരു സിക്സ് അടക്കം 10), അൻമോൽപ്രീത് സിങ് (5 പന്തിൽ ഒരു ഫോർ അടക്കം 4) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായെങ്കിലും തിലക് വർമ (33 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 61), ഇഷൻ കിഷൻ (43 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 54) എന്നിവരുടെ ബാറ്റിങ് മികവിൽ മുംബൈ 14.1 ഓവറിൽ 135–3 എന്ന സ്കോർ വരെ എത്തിയതാണ്.
3–ാം വിക്കറ്റിൽ വെറും 51 പന്തില്‍ കിഷൻ– തിലക് സഖ്യം 84 റൺസ് ചേർത്തു. എന്നാൽ തിലക് വർമയെ ബോൾഡാക്കിയ അശ്വിൻ രാജസ്ഥാനു നിർണായക ബ്രേക്ക് നൽകി. പിന്നാലെ 16–ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ടിം ഡേവിഡ് (1), ഡാനിയൽ സാംസ് (0) എന്നിവരെ പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹൽ രാജസ്ഥാനു മത്സരത്തിൽ മേൽക്കെയും നൽകി. ഹാട്രിക് പന്തിൽ മുരുഗൻ അശ്വിന്റെ പ്രതിരോധം പിഴച്ചെങ്കിലും ആദ്യ സ്ലിപ്പിൽ കരുൺ നായർ ക്യാച്ച് വിട്ടുകളഞ്ഞതോടെ ഹാട്രിക് നഷ്ടമായത് ചെഹലിനു കടുത്ത നിരാശയായി.
കെയ്റൻ പൊള്ളാർഡ് (24 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 22) ക്രീസിൽ നിൽക്കെ അവസാന 2 ഓവറിൽ 39 റൺസാണു മുംബൈയ്ക്കു വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19–ാം ഓവറിൽ മുംബൈ 10 റൺസ് നേടി. ഇതോടെ അവസാന ഓവറിൽ ജയത്തിനായി വേണ്ടിയിരുന്നത് 29 റണ്‍സ്. നവ്ദീപ് സെയ്നിയുടെ 20–ാം ഓവറിൽ നേടാനായത് 6 റൺസ് മാത്രം. ജയം റോയൽസിനൊപ്പം! രാജസ്ഥാനായി യുസ്‌വേന്ദ്ര ചെഹൽ 4 ഓവറിൽ 26 റൺസും നവ്ദീപ് സെയ്നി 3 ഓവറിൽ 36 റൺസ് വഴങ്ങിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോൾട്ട് 4 ഓവറിൽ 29 റൺസും അശ്വിന്‍ 30 റൺസും പ്രസിദ്ധ് കൃഷ്ണ 37 റൺസും വഴങ്ങി ഓരോ വിക്കറ്റെടുത്തു.
നേരത്തെ, 2022 ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറി പേരിലാക്കിയ ജോസ് ബട്‌ലറുടെ ഉജ്വല ബാറ്റിങ്ങാണ് രാജസ്ഥാനെ തുണച്ചത്. 68 പന്തിൽ 11 ഫോറും 5 സിക്സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്സ്. 66 പന്തിലാണ് ബട്‌ലർ സെഞ്ചുറി തികച്ചത്. 32–ാം പന്തിൽ അർധ സെഞ്ചുറി തികച്ച ബട്‌ലർ ഒരു ഘട്ടത്തിലും സ്കോറിങ്ങിൽ പിന്നാക്കം പോയില്ല. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ 4–ാം ഓവറിൽ 3 സിക്സും 2 ഫോറും അടക്കം 26 റണ്‍സാണ് ജോസ് ബട്‌ലർ അടിച്ചെടുത്തത്.
ഷിമ്രോൺ ഹെറ്റെമെയർ (14 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 35), ക്യാപ്റ്റൻ സഞ്ജു സാംസൺ (21 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 30) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ. 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് മുംബൈ ബോളർമാരിൽ തിളങ്ങിയത്. ടെയ്മൽ മിൽസ് 4 ഓവറിൽ 35 റൺസ് വഴങ്ങി 3 വിക്കറ്റും കെയ്റൻ പൊള്ളാർഡ് 4 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
‘6 ഓവർ നിന്നാൽ ബട്‌ലർ അടിച്ചു നിരപ്പാക്കും; വിക്കറ്റെടുക്കാൻ ബുമ്രയെത്തന്നെ ഇറക്കണം’
‘6 ഓവർ നിന്നാൽ ബട്‌ലർ അടിച്ചു നിരപ്പാക്കും; വിക്കറ്റെടുക്കാൻ ബുമ്രയെത്തന്നെ ഇറക്കണം’
3–ാം വിക്കറ്റിൽ രാജസ്ഥാനായി ബട്‌ലർ– സഞ്ജു സാംസൺ സഖ്യം 50 പന്തിൽ 82 റൺസ് ചേർത്തു. പൊള്ളാർഡിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെയാണു സഞ്ജു പുറത്തായത്. ഓപ്പണർ യശസ്വി ജെയിസ്വാളിനെ (2 പന്തിൽ1) ജസ്പ്രീത് ബുമ്രയാണു പുറത്താക്കിയത്. 6–ാം ഓവറിലെ അവസാന പന്തിലാണ് ദേവ് ദത്ത് പടിക്കൽ (7 പന്തിൽ 7) പുറത്തായത്. ടെയ്മൽ മിൽസിനായിരുന്നു വിക്കറ്റ്. സഞ്ജു പുറത്തായതിനു പിന്നാലെയെത്തിയ ഹെറ്റ്മെയർ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് രാജസ്ഥാൻ സ്കോര്‍ കുത്തനെ ഉയർത്തി. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഡെത്ത് ഓവറുകളിൽ രാജസ്ഥാനു പ്രതീക്ഷിച്ചയത്ര റൺസ് നേടാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !