കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ എം. നായർ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന് പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രസ്താവിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. "കുറ്റം ചെയ്‌തിട്ടില്ല. വിസ്‌മയ ആത്മഹത്യ ചെയ്‌തതാണ്. അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. 31 വയസ് മാത്രമേ ഉള്ളൂ. പ്രായം കൂടി പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണം."- എന്നാണ് കിരൺകുമാർ പറഞ്ഞത്.
എന്നാൽ ഇതൊരു വ്യക്തിക്കെതിരായ കേസല്ലെന്നും, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയുള്ള കേസാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സർക്കാർ ജീവനക്കാരനാണ് സ്ത്രീധനം വാങ്ങിയതെന്ന് കോടതി പരിഗണിക്കണം. സർക്കാർ ജീവനക്കാരൻ താൻ വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് ധരിക്കാൻ പാടില്ല. വിധി സമൂഹത്തിന് പാഠമാകണം. ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം നടന്നത് സ്ത്രീധനത്തിന് വേണ്ടി മാത്രമാണ്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. പ്രതിക്ക് പശ്ചാത്താപമില്ല. പ്രതിയോട് അനുകമ്പ പാടില്ല. രാജ്യമാകെ ഉറ്റുനോക്കുന്ന കേസാണ്. മാതൃകാപരമായ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് പശ്ചാത്താപമില്ലെന്ന് എങ്ങനെ അളന്നുനോക്കിയെന്ന് പ്രതിഭാഗം ചോദിച്ചു. ഇത് ആത്മഹത്യയാണ്. ആത്മഹത്യ നരഹത്യയല്ല. രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല വിസ്മയയുടേത്. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ഇല്ല. ചില കൊലക്കേസുകളിൽ പോലും സുപ്രീം കോടതി ജീവപര്യന്തം ഒഴിവാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മകൾക്ക് വിവാഹ സമ്മാനമായി നൽകിയ കാറിലാണ് വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലെത്തിയത്. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിധി കേൾക്കാൻ കിരണിന്റെ അച്ഛനും എത്തിയിരുന്നു.
കിരണിന്റെ ക്രൂരതകൾ പറഞ്ഞുകൊണ്ട് സുഹൃത്തിനും സഹോദരന്റെ ഭാര്യയ്ക്കും വിസ്മയ അയച്ച സന്ദേശങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമായത്. 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടിമുതലുകളും പരിശോധിച്ചു.
കിരൺകുമാർ കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരനാണെന്നാണ് ജഡ്ജി കെ.എൻ.സുജിത്ത് കണ്ടെത്തിയത്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പ്രോസിക്യൂഷൻ ചുമത്തിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
2021ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2020 മേയ് 31നായിരുന്നു വിസ്മയയുടെയും കിരണിന്റെ വിവാഹം.
Content Highlights: Case of visamaya; Kiran Kumar was sentenced to 10 years imprisonment and fined Rs 12.5 lakh
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !