കൊച്ചി| സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ. ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിച്ചു. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു.
രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനു നിർദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തി. ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.
ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.
Content Highlights: High Court allows gay girls to live together
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !