കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞടുപ്പിൽ തോൽവി സമ്മതിച്ച് സിപിഎം ജില്ലാ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസം നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ച ജനവിധിയല്ല ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ പ്രശ്നങ്ങൾ, ദേശീയ രാഷ്ട്രീയം, സർക്കാരിന്റെ വികസനങ്ങൾ തുടങ്ങിയവ ജനങ്ങളുമായി സംവദിച്ചതാണ് എന്നിട്ടും ഏറ്റ തോൽവി അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചട്ടില്ല, ജില്ലാ കമ്മറ്റിയാണ് തിരഞ്ഞെടുപ്പ് നയിച്ചത്. ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിമാരും മന്ത്രിമാരും വരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു. ആവശ്യമായ പരിശോധനകൾ നടത്തുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇത്രയും വോട്ടുകൾക്ക് ഒരു തോൽവി പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.
വോട്ടെണ്ണൽ ആറ് റൗണ്ട് പൂർത്തിയാക്കുമ്പോൾ കൂറ്റൻ ലീഡുമായി ഉമാ തോമസ് ബഹുദൂരം മുന്നിലാണ്. പിടി തോമസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഉയരത്തിലാണ് ഉമാ തോമസിന്റെ ലീഡ്.
അതേസമയം, മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. പിടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് വലിയ ഭൂരീപക്ഷം തെളിയിക്കുന്നത്. യുഡിഎഫിന്റെ തിരിച്ചുവരവാണിത്. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കളത്തിലിറങ്ങി. അവർക്കെല്ലാമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: Unbelievable, unexpected; CPM district secretary admits defeat


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !