മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫയല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കുന്ന ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥാപനങ്ങളും ഉള്ള ജില്ലയില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ ഭരണനിര്‍വഹണം സുഗമമാകുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. മഞ്ചേരി നഴ്‌സിംഗ് കോളേില്‍ നഴ്‌സിംഗ് വിഭാഗം ഈ അദ്ധ്യയന വര്‍ഷം തന്നെ ആരംഭിക്കും. ഹൃദ്യം പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തിയ ജില്ല മലപ്പുറമാണ്. 1032 ശസ്ത്രക്രിയകളാണ് ജില്ലയില്‍ ഈ പദ്ധതി വഴി നടത്തിയതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി കാലഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു.
പ്രതിരോധ് വാക്‌സാപ്പ് ലോഞ്ചിംഗ്, എന്‍.ഡി.സി പോപ്പുലേഷന്‍ ബേസ്ഡ് സര്‍വ്വേ ജില്ലാതല ലോഞ്ചിംഗ് എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രത്തിന്റെയും പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി തുടങ്ങിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളുടെയും ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.
ഓഫീസുകളിലെ നടപടി ക്രമങ്ങളായ തപാല്‍ രൂപീകരണം, ഫയല്‍ രൂപീകരണം, ഫയല്‍ തുടര്‍ നടപടികള്‍, ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍ തുടങ്ങിയവ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് ഇ-ഓഫീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുള്ള ജില്ലയില്‍ ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസ് ഇ ഓഫീസ് സംവിധാനത്തിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമാവും. അതിവേഗം ഫയലുകള്‍ കൈമാറാനും തീര്‍പ്പാക്കാനും ഫയലുകളുടെ നില അറിയാനും അനാവശ്യമായി ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സാധിക്കും.
കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപെട്ട് മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് പ്രതിരോധ വാക്‌സാപ്പ് . തിരുവനന്തപുരം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് ഹെല്‍ത്ത് എന്ന സ്ഥാപനം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വാക്‌സിന്‍ വിമുഖതയും പ്രതിരോധ കുത്തിവെപ്പും എന്ന വിഷയത്തെ പറ്റി മലപ്പുറം ജില്ലയില്‍ നടത്തിയ പഠനത്തിന്റെ ഫലമായിട്ടാണ് ഈ ആപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. വാക്‌സിന്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഉള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കുവാനും കഴിയും.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ ഷിബുലാല്‍, എന്‍.ഡി.സി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്‌സല്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സി. ഷുബിന്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍, പി. രാജു, സി.കെ സുരേഷ് കുമാര്‍, അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ പ്രവര്‍ത്തനം നടത്തിയ എന്‍.ടി.ഇ.പി സ്റ്റാഫ്, ഡോക്ടേഴ്‌സ് ഫോര്‍ യു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക സ്വാഗതവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് നന്ദിയും പറഞ്ഞു.
Content Highlights: District Medical Office in e-office system; Inaugurated by the Minister of Health
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !