ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
വിജയ് ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വിജയ് ബാബുവിനെ വിട്ടയച്ചു. 5 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേരളം വിട്ടുപോകാന്‍ പാടില്ല. അതിജീവതയെയും കുടുംബത്തെയുംസമൂഹമാധ്യമങ്ങളില്‍ അപമാനിക്കരുത്, പരാതിക്കാരിയായ നടിയുമായി ഒരുതരത്തിലും ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളും ജാമ്യത്തിനായി വച്ചിട്ടുണ്ട്.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമായുള്ള പരാതിയാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ് ബാബു പറയുന്നു. അതേസമയം വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Content Highlights: Vijay Babu challenges law, anticipatory bail should be cancelled; Actress in Supreme Court
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !