ഹര്‍ ഘര്‍ തിരംഗ: പതാക നിർമാണത്തിൽ ഹിറ്റായി മലപ്പുറത്തെ കുടുംബശ്രീ, ഒരുങ്ങുന്നത് 2 ലക്ഷം പതാകകൾ

ഹര്‍ ഘര്‍ തിരംഗ: പതാക നിർമാണത്തിൽ ഹിറ്റായി മലപ്പുറത്തെ കുടുംബശ്രീ, ഒരുങ്ങുന്നത് 2 ലക്ഷം പതാകകൾ | Har Ghar Tiranga: Kudumbashree in Malappuram is a hit in flag making, 2 lakh flags are being prepared


മലപ്പുറം
: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ പതാക നിര്‍മാണം പുരോഗമിക്കുമ്പോള്‍ ആദ്യ വിതരണം നടത്തി മുന്നേറുകയാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍. മലപ്പുറത്തെ കുടുംബശ്രീ സംരംഭമായ താണിക്കല്‍ വസ്ത്ര ബൊട്ടീക്ക് യൂണിറ്റാണ് മലപ്പുറം കാനറാ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ 432 പതാകകള്‍ നിര്‍മിച്ച് നല്‍കിയത്.
സംസ്ഥാനത്ത് തന്നെ പതാകയുടെ ആദ്യ വിതരണം ആരംഭിച്ചത് മലപ്പുറം ജില്ലാ മിഷന് കീഴിലാണ്. ജില്ലയില്‍ രണ്ട് ലക്ഷം പതാകകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ 94 യൂണിറ്റുകളിലായി 1,80,000 പതാകകള്‍ക്കുള്ള ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിനകം തന്നെ 50,000 പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഓഗസ്റ്റ് എട്ടോടെ ഇതുവരെ ലഭിച്ച മുഴുവന്‍ ഓര്‍ഡറും നിര്‍മിച്ച് വിതരണത്തിന് തയ്യാറാവും.

'ഹര്‍ ഘര്‍ തിരംഗ' ആഘോഷത്തിന് സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പതാക നിര്‍മാണത്തില്‍ നേതൃത്വം നല്‍കുന്ന കുടുംബശ്രീ വിവിധ യൂണിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് കേരളമൊട്ടാകെ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണപതാക) പരിപാടി ജില്ലാ ഭരണകൂടം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 'ഹര്‍ ഘര്‍ തിരംഗ' യില്‍ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇന്ത്യന്‍ ഫ്ലാഗ് കോഡ് പ്രകാരം നാലു തരത്തിലുള്ള പതാകകളാണ് നിലവില്‍ കുടുബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. 36:24 ഇഞ്ച് വലുപ്പത്തില്‍ പോളിസ്റ്റര്‍ മിക്‌സിലുള്ള പതാകയ്ക്ക് 30 രൂപയും കോട്ടന്‍ പതാകയ്ക്ക് 40 രൂപയുമാണ് വില. 762 മി.മി:508 മി.മി വലുപ്പത്തിലുള്ള പോളിസ്റ്റര്‍ മിക്‌സ് പതാകയ്ക്ക് 28 രൂപയും കോട്ടണ്‍ പതാകയ്ക്ക് 38 രൂപയുമാണ് വില. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തി കൊണ്ട് വലിപ്പം, മെറ്റീരിയല്‍, വില എന്നിവയില്‍ ഏകീകൃത സ്വഭാവം നിലനിര്‍ത്താന്‍ കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് കൃത്യമായ മേല്‍നോട്ടവും നടക്കുന്നുണ്ട്.
Content Highlights: 
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.