ഹത്രാസ് ഗുഢാലോചന കേസില്‍ തടവിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധ നേടുന്നു. ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍ എന്നാണ് പ്രസംഗം ആരംഭിക്കുന്നത്. ഇന്ത്യയുടെ അന്തസ്സ് ആരുടേയും മുന്നില്‍ അടിയറവ് വെച്ചുകൂടാ. അശാന്തി എവിടെയൊക്കെയോ പുകയുന്നുണ്ട്. അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ചുകളയണം. ഒരുമിച്ചൊരു ജീവനായി നമുക്ക് ജീവിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്നം കാണണമെന്നും മെഹ്നാസ് പ്രസംഗത്തില്‍ പറയുന്നു.
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ മെഹ്നാസ് കാപ്പന്‍
ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ക്കപ്പെട്ട് ഇരുട്ടറയില്‍ തളയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍.
ഇന്ത്യ മഹാരാജ്യം 76ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്തുവെച്ച ഈ മഹത്തരവേളയില്‍ ഒരു ഭാരതീയനെന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും ഞാന്‍ പറയട്ടെ, ഭാരത് മാതാ കീ ജയ്.
ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഭഗത് സിങ്ങിനെയും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പുണ്യാത്മാക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് ഈ സ്വാതന്ത്ര്യം
ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം എന്ത് കഴിക്കണം, ഏത് മതം തിരഞ്ഞെടുക്കണം... ഇതിനെല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്.
ഇറങ്ങിപ്പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്, ഓഗസ്റ്റ് 15ന് ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസ്സ് ആരുടേയും മുന്നില്‍ അടിയറവ് വെച്ചുകൂടാ.
എന്നാല്‍ ഇന്നും അശാന്തി എവിടെയൊക്കെയോ പുകയുന്നുണ്ട്.
അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണ്ണം, രാഷ്ട്രീയം, ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍..
ഇതിനെയെല്ലാം സ്‌നേഹത്തോടെ ഐക്യത്തോടെ ഒരുമിച്ച് നിന്ന് പിഴുതെറിയണം
അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ച് കളയണം
ഒരുമിച്ച് ഒരു ജീവനായി നമുക്ക് ജീവിക്കണം
ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയിലെത്തിക്കണം
ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്നം കാണണം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ എല്ലാ ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട് ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു..
ജയ് ഹിന്ദ്
Content Highlights: "Even the shadow of unrest must be blotted out" ; Viral speech of imprisoned Siddiq Kapan's daughter stole heart on Independence Day
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !