പരപ്പനങ്ങാടി: വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും കാറും തട്ടിയെടുത്ത കേസിൽ പരപ്പനങ്ങാടിയിൽ നാലുപേർ അറസ്റ്റിൽ. താനൂർ സ്വദേശി ശമീറിന്റെ പരാതിയിൽ പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അയ്യാപ്പേരി വീട്ടിൽ അസൈനാർ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽ റെനീസ് (35) , ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഷെബീർ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചു വരുത്തി അവിടെവച്ചും അരിയല്ലൂർ എൻസി ഗാർഡന്റെ പുറകുവശത്തുള്ള ബീച്ചിൽ വെച്ചും മർദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15,000 രൂപയും തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ജൂലൈ മാസം സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണം തട്ടിയതിന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാസാപ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്.
പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും ഇതിനകം വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയെന്ന് പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐ കുമാർ , എം വി സുരേഷ് , പോലിസുകാരായ സുധീഷ് , സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ പ്രദീപ് ആൽബിൻ , ജിനു , അഭിമന്യു , വിപിൻ , സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Content Highlights: Gold smuggling case; A gang of four arrested in Parappanangadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !