ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ കോൺസ്റ്റബിൾ ഒ.പി ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെകോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ഡ്രൈവ് പരിശോധന തുടരുമെന്ന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണർ താജുദീൻകുട്ടി അറിയിച്ചു.
Content Highlights: A native of Bengal was arrested with 5 kg of ganja
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !