സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ.സി ഔട്ട്‌ഡോര്‍ യൂണിറ്റിലേക്കുള്ള പവര്‍ സപ്ലൈ കേബിളിനാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്നലെ (സെപ്തംബര്‍ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തില്‍ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അല്‍പ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ ജീവനക്കാരനായ സി. വിവീന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് ഉടന്‍ തന്നെ തീ അണച്ചു.
വിവീന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അഗ്‌നിബാധയാണ് ഒഴിവായത്. മുന്‍പ് ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ജോലി ചെയ്ത മുന്‍പരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്.
കെട്ടിടത്തില്‍ സ്ഥാപിച്ച ഡ്രൈ കെമിക്കല്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടര്‍ന്ന വിവരം ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിച്ചതിനാല്‍ മലപ്പുറം യൂണിറ്റിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റ് ഓഫീസിനോട് ചേര്‍ന്നാണ് ബി 3 ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് ഡി.എം.ഒ ഫീസ് ഉള്‍പ്പെടെയുളള പല പ്രധാന ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്.
തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഗ്‌നിബാധയുണ്ടായ ഓഫീസും കെട്ടിടവും സന്ദര്‍ശിച്ചു. ബി3 ബ്ലോക്കിലെ മുഴുവന്‍ ഓഫീസുകളിലെയും സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം കെട്ടിടത്തിന്റെ വിവിധ ഇടങ്ങളിലായി ആറ് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. കലക്ടറോടൊപ്പം എ.ഡി എം എന്‍.എം മെഹ്‌റലി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളി തുടങ്ങിയവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ അഗ്‌നിബാധ ഒഴിവാക്കിയ സി.വിവീനെ കലക്ടര്‍ അഭിനന്ദിച്ചു.
തീ അണച്ച് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ താരമായി സി.വിവീന്‍
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ഐ.ടി മിഷന്‍ കെട്ടിടത്തിലെ എ.സി ഔട്ട്‌ഡോര്‍ യൂണിറ്റിലെ പവര്‍ സപ്ലൈ കേബിളില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കെട്ടിടത്തിന് പുറത്ത് തീ പടര്‍ന്നപ്പോള്‍ സംഭവ സ്ഥലത്ത് സമയോചിതമായ ഇടപെടല്‍ നടത്തി താരമായിരിക്കുകയാണ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് ജീവനക്കാരനായ സി.വിവീന്.
തന്റെ ഓഫീസിന്റെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറത്ത് തീ പടരുന്നത് കണ്ടപ്പോള്‍ ഒട്ടും സമയം പാഴാക്കാതെ ഈ കെട്ടിടത്തിലുണ്ടായിരുന്ന ഡ്രൈ കെമിക്കല്‍ പവര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു ഇദ്ദേഹം. കൃഷി ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന വിവീന്‍ മുന്‍പ് മൂന്നര വര്‍ഷത്തോളം മഞ്ചേരി അഗ്‌നിരക്ഷാ യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയില്‍ ജോലി ചെയ്ത മുന്‍ പരിചയമാണ് പെട്ടന്നുണ്ടായ ദുരന്തത്തില്‍ സംയമനത്തോടെ പ്രവര്‍ത്തിക്കാനും കെട്ടിടത്തില്‍ ഉണ്ടാകുമായിരുന്ന വന്‍ തീ പിടുത്തം ഒഴിവാക്കാനും വിവീന് സഹായകമായത്. കലക്ടറേറ്റ് ഓഫീസിനോട് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ബി3 ബ്ലോക്കിലുണ്ടായ തീപിടുത്തം സംയമനത്തോടെ കൈകാര്യം ചെയ്ത് തീ പടരുന്നത് തടഞ്ഞ വിവീനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.
അരീക്കോട് ഊര്‍ങ്ങാട്ടീരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട് സ്വദേശിയായ വിവീന് ഭാര്യയും ഒരു മകളുമാണുള്ളത്. മുന്‍പ് അഗ്‌നിരക്ഷാ സേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് മൂന്ന് തവണ റിവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറം ആനക്കയത്ത് പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റിയുടെ ശുദ്ധീകരണ ശാലയിലുണ്ടായ ക്ലോറിന്‍ വാതക ചേര്‍ച്ച തടയാന്‍ നടത്തിയ പ്രവര്‍ത്തനത്തിലും മറ്റു രണ്ടു തവണ കിണറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനുമാണ് റിവാര്‍ഡ് ലഭിച്ചത്. ജില്ലാ ആരോഗ്യ ഓഫീസ് ഉള്‍പ്പടെ നിരവധി ഒഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ തെരഞ്ഞെടുപ്പ് ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന മുറിയും റവന്യു വകുപ്പിന്റെ റിക്കാര്‍ഡ് റൂം സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്.
തീ പടര്‍ന്നതറിഞ്ഞ് കെട്ടിടത്തിലെ മറ്റ് ജീവനക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയും ചിലര്‍ വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. പലപ്പോഴും അഗ്‌നിബാധ ഉണ്ടാകുമ്പോള്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉണ്ടായാലും ഇത് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ മിക്കവര്‍ക്കും അറിയാറില്ല. പെട്ടെന്നുണ്ടാവുന്ന അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും എല്ലാവര്‍ക്കും പരിശീലനം നല്‍കണമെന്നും വിവീന്‍ ആവശ്യപ്പെട്ടു.
Content Highlights: Fire broke out in B3 Block of Civil Station



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !