ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പകരംവീട്ടി പാകിസ്ഥാന്‍. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയെ 5 വിക്കറ്റിന് തകര്‍ത്ത പാക് ടീം സൂപ്പര്‍ ഫോറില്‍ നിര്‍ണായക വിജയവും സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്‍റെ പ്രകടനം പാകിസ്ഥാന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. 51 പന്തുകള്‍ നേരിട്ട താരം 2 സിക്‌സും 6 ഫോറുമടക്കം 71 റണ്‍സെടുത്തു.
182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രവി ബിഷ്‌ണോയിയാണ് ബാബറിനെ മടക്കിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ ഫഖര്‍ സമാനെ (15) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന്‍ - മുഹമ്മദ് നവാസ് സഖ്യം കളി പാകിസ്ഥാന് അനുകൂലമാക്കുകയായിരുന്നു. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സടിച്ച ഈ കൂട്ടുകെട്ടാണ് അവസാന നിമിഷം വിജയം ഇന്ത്യയില്‍ നിന്നും തട്ടിമാറ്റിയത്. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി നേടിയ താരം 44 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 60 റണ്‍സെടുത്തു.
Content Highlights: Pakistan avenged their loss in the group stage of the Asia Cup in the Super Four match


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !